മരുന്നുമാറി കുത്തിവെച്ച സംഭവം; ബാലൻ അപകടനില തരണം ചെയ്തു
text_fieldsതിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ മരുന്നുമാറി കുത്തിവെച്ച് അതിഗുരുതരാവസ്ഥയിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്തുവയസ്സുകാരൻ അപകടനില തരണം ചെയ്തു. വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലൻ ഇപ്പോൾ സാധാരണനിലയിൽ ശ്വാസമെടുത്ത് തുടങ്ങി. നേരിയതോതിൽ ഭക്ഷണവും കഴിക്കുന്നുണ്ട്. ഐ.സി.യുവിലേക്ക് മാറ്റിയ ബാലന് കുറച്ച് ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം മരുന്നുമാറി കുത്തിവെപ്പ് നൽകിയ സംഭവത്തിൽ തമ്പാനൂർ പൊലീസെടുത്ത കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തൈക്കാട് ആശുപത്രി അത്യാഹിതവിഭാഗത്തിൽ കുട്ടിയെ എത്തിച്ചതുമുതലുള്ള കാര്യങ്ങൾ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.
നഴ്സിങ് പരിശീലനത്തിനായി അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികളാണ് കുട്ടിക്ക് കുത്തിവെപ്പ് നൽകിയതെന്നും കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും അത് കാര്യമായി എടുത്തില്ലെന്നും ബന്ധുക്കൾ മൊഴിനൽകി. ജൂലൈ 30 നാണ് തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് എടുത്തത്.
സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെയാണ് കേസിൽ പൊലീസ് പ്രതിചേർത്തിരിക്കുന്നത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ഡ്യൂട്ടി നഴ്സ്, എൻ.എച്ച്.എം നഴ്സ് എന്നിവർക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ഡ്യൂട്ടി നഴ്സിനെ സസ്പെൻഡ് ചെയ്യുകയും എൻ.എച്ച്.എം നഴ്സിനെ പിരിച്ചുവിടുകയുമായിരുന്നു. ആദ്യം തവണ കുത്തിവെപ്പ് നൽകിയതിന് പിന്നാലെ വീണ്ടും ഒരെണ്ണംകൂടി എടുത്തതാണ് ആരോഗ്യനില വഷളാകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.