പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായ സംഭവം; ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം
text_fieldsബേപ്പൂർ (കോഴിക്കോട്): പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കടലിൽചാടി കാണാതായ സംഭവത്തിൽ ലക്ഷദ്വീപ് നിവാസികൾ പ്രതിഷേധം ശക്തമാക്കി. ചെത് ലാത്ത് ദ്വീപിലെ പൊന്നിക്കം വീട്, മീന മൻസിലിൽ അബ്ദുറഹ്മാൻ(44) എന്ന യുവാവിനെ കഴിഞ്ഞ 10ന് രാത്രിയാണ് ലക്ഷദ്വീപ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന യുവാവ്, വീട്ടുകാരെ ശല്യപ്പെടുത്തുന്ന രൂപത്തിൽ പെരുമാറിയപ്പോൾ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിറ്റേദിവസം ഭാര്യ എം.എം. ആബിദ ഭക്ഷണവുമായി സ്റ്റേഷനിലെത്തിയപ്പോഴാണ്, കടലിൽ കുളിക്കാൻ പോയ അബ്ദുറഹ്മാനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചത്.
ഉച്ചക്ക് 2.30ന് സ്റ്റേഷനോട് ചേർന്നുള്ള വടക്കെ അറ്റത്തെ ‘ഗാന്ധി ദ്വീപി’ലെ കടലിലേക്കാണ് അബ്ദുറഹ്മാൻ കുളിക്കാൻ ഇറങ്ങിയത്. രക്ഷപ്പെടുത്താൻ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞെന്നാണ് ആരോപണം.
നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ രാത്രി ഒമ്പതു മണിയോടെ ബോട്ടുമായി പൊലീസും അഗ്നിരക്ഷസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കോസ്റ്റ് ഗാർഡിന്റെയോ നേവിയുടെയോ സഹായം തേടാൻ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്. പൊലീസ് തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്താത്തതുകൊണ്ടാണ് കടലിൽ ചാടിയ അബ്ദുറഹ്മാനെ കാണാതായതെന്നാണ് നാട്ടുകാർ പറയുന്നത്.
വിവരങ്ങൾ തിരക്കാൻ സ്റ്റേഷനിലെത്തിയ പ്രദേശവാസികളോട് പൊലീസുകാർ തട്ടിക്കയറുകയും ബലംപ്രയോഗിച്ചു പുറത്താക്കുകയും ചെയ്തു. ആറു ദിവസമായിട്ടും ഒരു വിവരവുമില്ലാത്തതിനാൽ യുവാവിനെ കണ്ടെത്തുന്നതുവരെ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.
തിരച്ചിലിന് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടണമെന്നും മുങ്ങൽവിദഗ്ധരെ ഉപയോഗപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മൂന്നു മക്കളും ഭാര്യയും അടങ്ങിയതാണ് അബ്ദുറഹ്മാന്റെ കുടുംബം. ചെത് ലാത്ത് ദ്വീപിലെ സാമൂഹിക പ്രവർത്തകനായ സബൂർ ഹുസൈൻ, അബ്ദുറഹ്മാനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ അടിയന്തര ഹരജി നൽകുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.