മൃതദേഹം മാറി നൽകിയ സംഭവം: ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയിൽ സംസ്കരിക്കും; കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങും
text_fieldsകോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായി. ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശിയായ പുത്തൻപറമ്പിൽ ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയിൽ നിക്ഷേപിക്കാൻ ധാരണയായി. ശോശാമ്മ ജോണിനെ ദഹിപ്പിച്ച സ്ഥലത്തുനിന്ന് ചിതാഭസ്മം ശേഖരിച്ച് കൂട്ടിക്കൽ സെന്റ് ലൂക്സ് സി.എസ്.ഐ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. അതിനു മുന്നോടിയായി ചിതാഭസ്മം ചോറ്റിയിലെ വീട്ടിലെത്തിച്ച് പ്രാർഥന നടത്തും. പുത്തൻപറമ്പിൽ പരേതനായ പി.സി. ജോണിന്റെ (ജോയിക്കുട്ടി) ഭാര്യയാണ് ശോശാമ്മ ജോൺ. മൈലപ്ര കൊച്ചുകിഴക്കേതിൽ കുടുംബാംഗമാണ്.
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ചെറുവള്ളി മാൻകുഴിയിൽ കമലാക്ഷിയമ്മയുടെ (80) മൃതദേഹം മക്കൾ ഏറ്റുവാങ്ങി സംസ്കരിക്കാനും ധാരണയായി. പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യയാണ് കമലാക്ഷിയമ്മ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെയും തഹസിൽദാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. ചിറക്കടവ് കവല സ്വദേശിനിയായ കമലാക്ഷിയുടെ മൃതദേഹെന്ന പേരിൽ, ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ മൃതദേഹം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. മൃതദേഹം മതാചാരപ്രകാരം ദഹിപ്പിച്ച ശേഷമാണ് ആളു മാറിയതായി മനസിലാക്കുന്നത്.
ഇന്നു രാവിലെ പത്തു മണിക്കു നിശ്ചയിച്ചിരുന്ന ശോശാമ്മയുടെ സംസ്കാരത്തിനായി മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് ആളു മാറിയ വിവരം അറിയുന്നത്. ഉടൻ തന്നെ കമലാക്ഷിയമ്മയുടെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും മൃതദേഹം ദഹിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിതാഭസ്മം ശേഖരിച്ച് കുടുംബക്കല്ലറയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. സംസ്കാര ശുശ്രൂഷകൾക്കു ശേഷം ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ശോശാമ്മയുടെ കുടുംബത്തിെൻറ തീരുമാനം. മകൻ തിരിച്ചറിഞ്ഞ മൃതദേഹമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.