മണ്ഡലകാലത്ത് വരുമാനം കുറഞ്ഞു; മകരവിളക്കിൽ നേട്ടം: കോളടിച്ച് കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം റെയില്‍വേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച് എരുമേലി വഴി പമ്പക്കായിരുന്നു സര്‍വീസുകൾ. സീസണിലുടനീളം റെയില്‍വേ സ്റ്റേഷനില്‍ ഏത് സമയത്തും എത്തുന്ന തീര്‍ഥാടകരെയും കാത്ത് കെ.എസ്.ആര്.ടി.സിയുണ്ടായിരുന്നു
കോട്ടയം: ശബരിമല സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മികച്ച നേട്ടവുമായി കെ.എസ്.ആർ.ടി.സി. മണ്ഡല- മകരവിളക്ക് കാലത്ത് കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പമ്പ സർവീസുകളിൽനിന്ന് കഴിഞ്ഞദിവസംവരെ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച വരുമാനം നാലുകോടിയിലധികം രൂപ.
മണ്ഡലകാലത്ത് 2,71,97,000 രൂപയായിരുന്നു വരുമാനം. ഡിസംബർ 28ന് ആരംഭിച്ച മകരവിളക്ക് സീസണിൽ ഇതുവരെ 1. 38 കോടിയാണ് ലഭിച്ചത്. സർവീസ് അവസാനിക്കാൻ രണ്ട് ദിവസംകൂടി അവശേഷിക്കെ, മകരവിളക്ക് സർവീസിൽനിന്ന് റെക്കോഡ് വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.
അതേസമയം, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മണ്ഡലകാലത്ത് വരുമാനം കുറഞ്ഞു. 2.99 കോടിയാണ് കഴിഞ്ഞവർഷം ലഭിച്ചത്. സീസണിന്റെ തുടക്കകാലത്ത് തമിഴ്നാട്ടിലുണ്ടായ പ്രളയത്തെതുടർന്ന് ഭക്തരുടെ എണ്ണം കുറഞ്ഞതാണ് തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നത്. റെയില്‍വേ സ്റ്റേഷന് മുന്നിലെ പാര്‍ക്കിങിന്റെ പേരില്‍ പലപ്പോഴും യാത്രക്കാരുടെ സൗകര്യമനുസരിച്ച് ആദ്യഘട്ടത്തിൽ സര്‍വീസ് ഓപറേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതും വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
നവംബർ 16നാണ് കോട്ടയം കെ.എസ്.ആർ.ടി.സി മണ്ഡലകാല സ്പെഷൽ സർവീസ് ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനിന്നാരംഭിച്ച് എരുമേലി വഴി പമ്പക്കായിരുന്നു സര്‍വീസുകൾ. സീസണിലുടനീളം റെയില്‍വേ സ്റ്റേഷനില്‍ ഏത് സമയത്തും എത്തുന്ന തീര്‍ഥാടകരെയും കാത്ത് കെ.എസ്.ആര്.ടി.സിയുണ്ടായിരുന്നു. മണ്ഡലകാലത്ത് 45-50 ബസുകള്‍ വരെയാണ് സർവീസുകൾക്കായി ഉപയോഗിച്ചത്.
മണ്ഡലകാലത്തെ പാകപ്പിഴകള്‍ പരിഹരിക്കാനായി മകരവിളക്ക് ദിവസങ്ങളില്‍ പരമാവധി വണ്ടിയോടിച്ചതോടെ കെ.എസ്.ആർ.ടി.സി വരുമാനം ഉയർന്നു. മകരവിളക്ക് കാലയളവിൽ 50 ബസുകളാണ് ഉപയോഗിച്ചത്. ശരാശരി 130 ട്രിപ്പുകളാണ് പ്രതിദിനം നടത്തിയത്. മകരവിളക്ക് ദിനത്തിലും പിറ്റേന്നുമായി 128 ബസുകളാണ് പമ്പയിലേക്ക് കോട്ടയത്തുനിന്ന് എത്തിയത്. പമ്പയിലേക്ക് യാത്രക്കാരുണ്ടായിരുന്നില്ലെങ്കിലും മടക്കയാത്രയിൽ ബസുകളെല്ലാം നിറഞ്ഞു. ബസുകളുടെ എണ്ണം വർധിപ്പിച്ചത് തീർഥാടകരുടെ മടക്കവും സുഗമമാക്കി.
ശനിയാഴ്ചയോടെ സർവീസുകൾ അവസാനിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. വെള്ളിയാഴ്ച രാത്രിയോടെ തീർഥാടകർ ഒഴിയുമെങ്കിലും ജീവനക്കാരെയും മറ്റും നാടുകളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ശനിയാഴ്ച ബസുകൾ ഓടുക.
കോടികളുടെ വരുമാനം നേടി കൊടുത്ത ജീവനക്കാർക്ക് കോർപറേഷൻ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. വിശ്രമംപോലുമില്ലാതെ ഓടിയ ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവർക്ക് പ്രത്യേക അലവൻസ് നൽകുന്നില്ല. ശബരിമലയിൽ വലിയ തിരക്ക് അനുഭവപ്പെട്ട ദിവസങ്ങളിൽ പത്ത് മണിക്കൂറുകൾ വരെ ബസുകൾ പിടിച്ചിട്ടിരുന്നു. ഇത് ഡ്യൂട്ടിയായി പരിഗണിക്കുന്നില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
സർവീസുകൾ നിയന്ത്രിച്ച ഉദ്യോഗസ്ഥർക്കും പ്രത്യേക ആനുകൂല്യങ്ങളൊന്നുമില്ല. കാര്യക്ഷമമായി പ്രവർത്തിച്ച ജീവനക്കാർക്ക് പ്രത്യേക അലവൻസെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. അംഗീകൃത യൂനിയനുകൾ ഇക്കാര്യങ്ങൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നില്ലെന്ന ആക്ഷേപമുണ്ട്.
നേട്ടം പ്രതിസന്ധികൾക്കിടെ
കോട്ടയം: ഏറെ പ്രതിസന്ധികൾ മറികടന്നാണ് ഇത്തവണ കെ.എസ്.ആർ.ടി.സി നേട്ടമുണ്ടാക്കിയതെന്ന് കോട്ടയം ഡിപ്പോ അധികൃതർ പറഞ്ഞു. സ്റ്റേഷന് മുമ്പിൽ ബസുകളുടെ പാർക്കിങിന് റെയിൽവേ തടസം സൃഷ്ടിച്ചതായിരുന്നു ആദ്യപ്രതിസന്ധി. പാർക്കിങിന് സ്ഥലം ഇല്ലാതായതോടെ സർവീസുകൾ താളംതെറ്റി.
ട്രെയിൻ ഇറങ്ങുന്ന തീർഥാടകരുടെ സൗകര്യമനുസരിച്ച് സര്‍വീസ് ഓപറേറ്റ് ചെയ്യാന്‍ ഇതുമൂലം കഴിഞ്ഞില്ല. പിന്നീട്, റെയിൽവേ ഉദ്യോഗസ്ഥരുമായി നിരന്തരമായി ബന്ധപ്പെട്ടതിനൊടുവിലാണ് സ്റ്റേഷൻ വളപ്പിൽ പാർക്കിങിനടക്കം സൗകര്യം ഒരുക്കിയത്.
റെയിൽവേ സ്റ്റേഷനിലെ ടാക്സി ഡ്രൈവർമാർ പ്രകോപനം സൃഷ്ടിച്ചതായും കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു. ട്രെയിനുകളിൽനിന്ന് വന്നിറങ്ങുന്ന അയ്യപ്പൻമാരെ ബസുകളിലേക്ക് വിളിച്ചുകയറ്റിയതിന് ജീവനക്കാരെ ഇവർ ഭീഷണിപ്പെടുത്തി. തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനവുമേറ്റു.
അയ്യപ്പൻമാരുടെ ഒാട്ടം ലഭിക്കാനായിട്ടായിരുന്നു ടാക്സി- ഓട്ടോ ഡ്രൈവർമാർ സംഘടിതമായി കെ.എസ്.ആർ.ടി.സിക്ക് നേരെ തിരിഞ്ഞത്. ശബരിമലയിൽ വലിയ തിരക്ക് അനുഭവപ്പെട്ട ദിവസങ്ങളിൽ പലയിടങ്ങളിലും ബസുകൾ മണിക്കൂറുകളോളം തടഞ്ഞിട്ടതും വരുമാനത്തെ ബാധിച്ചു.
ബസുകൾ എത്തിയത് 30 ഡിപ്പോയിൽനിന്ന്
കോട്ടയം: ശബരിമല സ്പെഷൽ സർവീസുകൾക്കായി രണ്ടുഘട്ടങ്ങളിലായി കോട്ടയത്തേക്ക് എത്തിയത് 30 ഡിപ്പോകളിൽനിന്നായി ബസുകളും ജീവനക്കാരും.
കോട്ടയം ഡിപ്പോയിലെ 20 ബസുകളാണ് ശബരിമല സർവീസിനായി ഉപയോഗിച്ചത്. ഇതിൽ പകുതിയോളമാണ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള സർവീസുകൾക്ക് ഉപയോഗിച്ചത്. അവശേഷിച്ചത് പത്തനംതിട്ട, എരുമേലി, പമ്പ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഓടിയത്.
മാനന്തവാടി, സുൽത്താൻ ബത്തേരി, പെരിന്തൽമണ്ണ, നിലമ്പൂർ, ചാലക്കുടി, മാള, ഇരിങ്ങാലക്കുട, മൂവാറ്റുപുഴ, പാലോട്, നെയ്യാറ്റിൻകര, ചേർത്തല, ആറ്റിങ്ങൽ, തൊട്ടിൽപാലം, ഈരാറ്റുപേട്ട, പൊന്നാനി, എടത്വ, പുതുക്കാട്, ൈവക്കം, പാലക്കാട്, പാലാ, പൊൻകുന്നം, മലപ്പുറം, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, കൽപറ്റ, കിളിമാനൂർ അടക്കം 30 ഓളം ഡിപ്പോകളിൽനിന്നാണ് ബസുകൾ എത്തിച്ചത്.
പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നാണ് എറ്റവും കൂടുതൽ ബസുകൾ എത്തിയത്- നാല് എണ്ണം. മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളിൽനിന്ന് മൂന്ന് വീതം ബസുകളും ഈരാറ്റുപേട്ടയിൽനിന്ന് രണ്ട് ബസും എത്തി.
കാലപ്പഴക്കം ചെന്ന ബസുകൾ സർവീസിന് അനുവദിച്ചതും കല്ലുകടിയായി. ഇവ പലയിടങ്ങളിലും ബ്രേക്ക് ഡൗണായി. പഴയ ബസുകൾ ഡ്രൈവർമാർക്കും ദുരിതമായി. പുതിയ ബസുകളൊന്നും ഇത്തവണ അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.