സി.പി.എം തൃശൂർ ജില്ല കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി
text_fieldsതൃശൂർ: സി.പി.എം തൃശൂർ ജില്ല കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. തൃശൂർ എം.ജി റോഡിലെ ബാങ്ക് ഓഫ്ഫ് ഇന്ത്യ ശാഖയിൽനിന്ന് തെരഞ്ഞെടുപ്പ് കാലത്ത് പണമായി പിൻവലിച്ച തുകയാണിത്.
തുക പിൻവലിച്ചത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷിച്ചിരുന്നു. ഒരു കോടി രൂപ പെട്ടിയിലാക്കി ഇതേ ബാങ്കിൽ നിക്ഷേപിക്കാൻ ചൊവ്വാഴ്ച എത്തിയപ്പോഴാണ് ആദായ നികുതി വകുപ്പ് പിടികൂടിയത്. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാൻ പാർട്ടി ജില്ല സെക്രട്ടറിയും ഓഫിസ് സെക്രട്ടറിയും എത്തിയത് ബാങ്ക് അധികൃതർ ആദായ നികുതി വകുപ്പിനെ അറിയിച്ചു. അതോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിലെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
പെട്ടിയിലാക്കി എത്തിച്ച ഒരു കോടി, പിൻവലിച്ച ഒരു കോടിയിലെ അതേ നോട്ടുകളാണെന്ന് ഉറപ്പാക്കി ഇക്കാര്യം സി.പി.എം ജില്ല സെക്രട്ടറിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങി. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാനെത്തിയതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഒരു കോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനമാണെന്നാണ് ആദായ നികുതി വകുപ്പിൻ്റെ വാദം.
നോട്ടുകെട്ടുകൾ അടയാളപ്പെടുത്തി ജില്ല സെക്രട്ടറിയുടെ പക്കലുള്ള രേഖകളും വാങ്ങി. അതേസമയം, ഇടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പ് സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങിയതാണെന്നും മറ്റൊന്നുമില്ലെന്നും സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് ചോദ്യം ചെയ്തതിന്റെ തുടർച്ചയാണിത്. അല്ലാതെ യാതൊന്നുമില്ല. പണം തിരിച്ചടക്കാൻ സമ്മതിച്ചോ എന്ന ചോദ്യത്തിന് പൈസ അടച്ചോ അടച്ചില്ലയോ എന്നതല്ല പ്രശ്നമെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.