കിഫ്ബിക്കെതിരെ ആദായനികുതി വകുപ്പും അന്വേഷണത്തിന്; വിശദാംശങ്ങൾ തേടി നോട്ടീസയച്ചു
text_fieldsതിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ ആദായനികുതിവകുപ്പും കിഫ്ബിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക്. പദ്ധതിയുടെ വിശദാംശങ്ങൾ തേടി ആദായനികുതിവകുപ്പ് സർക്കാറിന് നോട്ടീസ് അയച്ചു. ഇ.ഡിയും സർക്കാറുമായി തുറന്നപോരിലേക്ക് നീങ്ങുന്നതിനിടെയാണ് മറ്റൊരു കേന്ദ്ര ഏജൻസി കൂടി ഇതേ അന്വേഷണത്തിലേക്ക് ഇടപെടുന്നത്.
അഞ്ച് വർഷത്തിനിെട കിഫ്ബി കരാറുകാർക്ക് പണം നൽകിയതിെൻറ വിശദാംശം നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഓരോ പദ്ധതിയുെടയും നികുതി വിശദാംശങ്ങൾ നൽകാനും നിർദേശമുണ്ട്.
വിദേശ നാണയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ച് വായ്പയെടുത്തതിനാണ് കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്. കിഫ്ബി മസാല ബോണ്ടിറക്കി വിദേശവിപണിയിൽനിന്ന് കടമെടുത്തത് നിയമവിരുദ്ധമെന്നാണ് സി.എ.ജിയുടെ വിമർശനം. എന്നാൽ, ബോഡി കോർപറേറ്റ് എന്ന നിലയിൽ കിഫ്ബിക്ക് ആഗോള മൂലധന വിപണിയിൽനിന്ന് കടമെടുക്കാൻ ആർ.ബി.െഎയുടെ നിയമപരമായ അനുമതിയുണ്ടെന്നാണ് സംസ്ഥാന സർക്കാർ വാദം. അതേസമയം, റിസർവ് ബാങ്ക് (ആർ.ബി.െഎ) വ്യവസ്ഥ പ്രകാരം മസാല ബോണ്ടിറക്കാൻ അർഹതയുള്ള കോർപറേറ്റ് ബോഡി, ബോഡി കോർപറേറ്റ്, നിക്ഷേപക ട്രസ്റ്റുകൾ എന്നിവയിൽപെടുന്നതല്ല കിഫ്ബിയെന്നും പറയപ്പെടുന്നു.
ധനകാര്യ വിദഗ്ധരുടെ അഭിപ്രായത്തിൽ സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് കിഫ്ബി സ്ഥാപിച്ചത്. പാർലമെൻറ് പാസാക്കിയ പ്രത്യേക നിയമത്തിലൂടെ നിലവിൽ വന്ന സ്ഥാപനങ്ങളെയാണ് ബോഡി കോർപേററ്റുകളായി ആർ.ബി.െഎ മസാല ബോണ്ട് വ്യവസ്ഥകളിൽ അംഗീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആർ.ബി.െഎ കിഫ്ബിക്ക് മസാല ബോണ്ടിറക്കാൻ അനുമതി നൽകിയത് എന്തിനെന്ന മറുചോദ്യമാണ് സി.പി.എമ്മിനും തോമസ് െഎസക്കിനുമുള്ളത്. സംഘ്പരിവാർ പ്രത്യയശാസ്ത്രക്കാരൻ എസ്. ഗുരുമൂർത്തി അടക്കം അംഗങ്ങളായ ആർ.ബി.െഎയുടെ ഗവേണിങ് ബോഡി അനുമതി നൽകിയതും ഇവർ ചൂണ്ടിക്കാട്ടുന്നു
കിഫ്ബിയില്‍ എന്ത് നടന്നാലും അതിെൻറ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ഉദ്യോഗസ്ഥരെ ഉന്നംവെക്കുന്നതിനു പകരം പറ്റുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യുകയാണ് എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചെയ്യേണ്ടതെന്നും മന്ത്രി ടി.എം. തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇ.ഡിയെ ഇതിനു രാഷ്ട്രീയമായി വെല്ലുവിളിക്കുന്നതായും കിഫ്ബി എന്താണെന്ന് അറിയാത്ത മഹാന്മാരാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
''മോദിയുടെ രാഷ്ട്രീയ പ്രചാരണ ഉപകരണമായി ഇ.ഡിയും കസ്റ്റംസും സി.ബി.ഐയും മാറിയിരിക്കുകയാണ്. കിഫ്ബിയിലെ ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഇ.ഡി നീക്കം നടത്തുന്നുണ്ട്. ഈ രാഷ്ട്രീയ കളിക്ക് വഴങ്ങില്ല. ചോദ്യംചെയ്യലിനു ഹാജരാകാത്ത കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പ്രചരിപ്പിക്കുകയാണ് ഇ.ഡി'' - അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.