രാവിലെയും ഉച്ചക്കും വൈകുന്നേരവും അഭിപ്രായം മാറ്റി പറയുന്ന പാർട്ടിയായി ലീഗ് മാറി -കെ.ടി.ജലീൽ
text_fieldsമലപ്പുറം: ഏക സിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിൽ പങ്കെടുക്കില്ലെന്നറിച്ച ലീഗ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കെ.ടി.ജലീൽ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകർക്കുമെന്നും ഏക സിവിൽ കോഡിൽ നിലപാട് പറയാത്ത കോൺഗ്രസിന്റെ കൂടെ ലീഗ് ഉറച്ച് നിൽക്കുമെന്ന തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്നും ജലീൽ പരിഹസിച്ചു.
ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മർദ്ദത്തിലാക്കിയും കോൺഗ്രസ് നിർബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ ഇതിനെ കാണാനാകൂ. രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോൾ മൂന്നാമതൊരഭിപ്രായവും പറയുന്ന പാർട്ടിയായി ലീഗ് മാറിയത് കോൺഗ്രസിന് മുസ്ലിംലീഗിനുമേൽ കുതിര കയറാൻ കൂടുതൽ കരുത്തു നൽകുമെന്നും കെ.ടി.ജലീൽ പറഞ്ഞു.
കെ.ടി.ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകർക്കും.
ഏകസിവിൽകോഡിൽ ഈ നിമിഷം വരെ നിലപാട് പറയാത്ത കോൺഗ്രസിൻ്റെ കൂടെ ലീഗ് "ഉറച്ചു നിൽക്കുമെന്ന" തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്.
ഏകീകൃത വ്യക്തിനിയമത്തിൽ കോൺഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്. ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മർദ്ദത്തിലാക്കിയും കോൺഗ്രസ് നിർബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ (എം) സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ.
രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോൾ മൂന്നാമതൊരഭിപ്രായവും പറയുന്ന പാർട്ടിയായി ലീഗ് മാറിയത് കോൺഗ്രസിന് മുസ്ലിംലീഗിനുമേൽ കുതിര കയറാൻ കൂടുതൽ കരുത്തു നൽകും. ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ലീഗിൻ്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.