അന്തർസംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ കേസുകൾ വർധിക്കുന്നു; നാലുമാസത്തിനിടെ എറണാകുളത്ത് നടന്നത് നാല് കൊലപാതകങ്ങൾ
text_fieldsകൊച്ചി: കേരളത്തിൽ അന്തർ സംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ കേസുകൾ വർധിക്കുന്നു. നാലുമാസത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം നാല് ക്രൂര കൊലപാതകങ്ങൾ നടന്നതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകളും സജീവമായത്.
പൊലീസ് കണക്കനുസരിച്ച് കഴിഞ്ഞ ആഗസ്റ്റ് വരെ സംസ്ഥാനത്ത് ഇവർക്കിടയിൽ റിപ്പോർട്ട് ചെയ്തത് 6794 ക്രിമിനൽ കേസുകളാണ്. ഇതിൽ 161 കൊലപാതക കേസുകളും 834 പീഡനക്കേസുകളും ഉൾപ്പെടുന്നുണ്ട്. തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവുമധികം അന്തർസംസ്ഥാനക്കാരുള്ള ജില്ലയാണ് എറണാകുളം.
ജൂലൈ 28ന് ആലുവയിൽ അഞ്ച് വയസ്സുകാരി ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസ്ഫാക് ആലമിന് കോടതി തൂക്കുകയർ വിധിച്ചത് അടുത്ത ദിവസമാണ്. ഇതിന് ശേഷമാണ് ആഗസ്റ്റ് ഏഴിന് വീട്ടിൽ ഉറങ്ങുകയായിരുന്ന ചൊവ്വര തൂമ്പാല ബദറുദ്ദീനെ (78) അതിക്രമിച്ചുകയറിയ അന്തർസംസ്ഥാനക്കാരൻ ഒരു പ്രകോപനവുമില്ലാതെ വിറകുകൊണ്ട് തലക്കടിച്ചത്. ആഴ്ചകളോളം ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം മരണമടഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഢ് സ്വദേശി മനോജ് സാഹു (42) പൊലീസ് പിടിയിലായിട്ടുണ്ട്. ഇതോടൊപ്പമാണ് ഒക്ടോബർ ഒമ്പതിന് പെരുമ്പാവൂരിൽ ബാലികയെ തട്ടിക്കൊണ്ടു പോകാൻ ഒഡിഷ സ്വദേശി പ്രശാന്ത് മാലിക് ശ്രമിച്ചത്. ഇയാളെയും പൊലീസ് പിടികൂടിയിരുന്നു.
ഇതിനുപിന്നാലെയാണ് ഈ മാസം അഞ്ചിന് മൂവാറ്റുപുഴക്കടുത്ത് അടൂപ്പറമ്പിൽ ഉറങ്ങുകയായിരുന്ന രണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ മറ്റൊരു അന്തർസംസ്ഥാനക്കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
തടിമില്ല് തൊഴിലാളികളായ അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ്മ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരോടൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശി ഗോപാൽ മല്ലിക്കാണ് പ്രതി. ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തു.
അന്തർസംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ പ്രവൃത്തികൾ കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജോലിക്കെത്തുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സർക്കാർതല ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ഇതോടൊപ്പം തൊഴിൽ വകുപ്പും പൊലീസും സ്വന്തം നിലയിൽ തൊഴിലാളികളുടെ വിവര ശേഖരണവും നടത്തുന്നുണ്ട്. ആലുവയിലെ ബാലികയുടെ കൊലപാതക ശേഷമാണ് ഇത് സജീവമാക്കിയത്. എന്നാൽ, ഇതിനുശേഷവും ക്രിമിനൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വകുപ്പുകൾക്ക് തലവേദനയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.