നാട്ടുകാരേ... വീടിന് ഷോക്കടിച്ചേ... വൈദ്യുതി നിരക്ക് വർധന ഗാർഹിക ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി ശിപാർശ ചെയ്ത വൈദ്യുതി നിരക്ക് വർധന ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഷോക്കാകും. തുടർച്ചയായി അടുത്ത അഞ്ചുവർഷവും നിരക്ക് വർധിക്കും. ഫിക്സഡ് ചാർജിലും പ്രതിവർഷം വർധനയുണ്ടാകും. ഈവർഷം വൈദ്യുതി നിരക്കിലും ഫിക്സഡ് ചാർജിലും താങ്ങാനാകാത്ത വർധനക്കാണ് നിർദേശം.
2022 -23 മുതൽ 2026-27 വരെ അഞ്ച് വർഷത്തേക്കാണ് വർധന നിർദേശം. 2022-23ൽ 2249.10 കോടിയാണ് വർധനയുടെ ഭാരം. 2023-24ൽ 786.13 കോടി, 2024-25ൽ 370.92, 2025-26 ൽ 487.72, 2026-27ൽ 252.03 എന്നിങ്ങനെയാണ് അധിക ഭാരം. വിവിധ വിഭാഗങ്ങളിൽ തെളിവെടുത്തശേഷമാകും റെഗുലേറ്ററി കമീഷൻ നിരക്ക് നിശ്ചയിക്കുക. ബോർഡ് നൽകിയ നിർദേശത്തിൽ ഗാർഹിക വൈദ്യുതിക്കാണ് വൻ വർധന. മറ്റ് വിഭാഗങ്ങൾക്ക് താരതമ്യേന കുറവാണ്.
അഞ്ചുവർഷത്തേക്ക് 20907.96 കോടിയുടെ കമ്മി ഉണ്ടെന്നാണ് ബോർഡ് കമീഷന് നൽകിയ കണക്ക്. 2021 വരെ 8919 കോടിയുടെ റവന്യൂ കമ്മി നികത്താനുണ്ടെന്നും പറയുന്നു. യൂനിറ്റിന് 1.15 രൂപ മുതൽ 1.75 വരെ വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിലും കുറഞ്ഞ നിരക്ക് മാത്രമാണ് ശിപാർശ ചെയ്യുന്നതെന്നാണ് ബോർഡ് വാദം. ശരാശരി ഒരു യൂനിറ്റിന്റെ വിതരണ ചെലവ് അടുത്ത അഞ്ചുവർഷം 7.30 മുതൽ 7.90 രൂപ വരെയാകുമെന്നാണ് വിലയിരുത്തൽ.
വീടുകളിലെ വൈദ്യുതി നിരക്കിൽ ഇക്കൊല്ലം 620.25 കോടിയും ഫിക്സഡ് ചാർജിൽ 559.04 കോടിയും അധിക വരുമാനം ലഭിക്കും. എച്ച്.ടി- ഇച്ച്.ടി, വാണിജ്യം അടക്കം മറ്റ് വിഭാഗങ്ങളിലും വർധന വരും.
2023-24 വർഷം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന വീടിന് വർധനയില്ല. ചില വിഭാഗങ്ങൾക്ക് യൂനിറ്റിന്15 പൈസ മുതൽ 61 പൈസവരെയാണ് വർധന നിർദേശം. 500 ന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 10 പൈസയുടേതാണ് വർധന. 2022-23 വർഷം ഫിക്സഡ് ചാർജിൽ വരുന്ന വർധനയുടെ അടിസ്ഥാനത്തിൽനിന്നാണ് 2023-24ൽ വർധിക്കുക. 150 യൂനിറ്റ് വരെയുള്ളവർക്ക് 20 മുതൽ 40 രൂപ വരെ ഫിക്സഡ് ചാർജിൽ മാസം വർധന വരും. മറ്റ് വിഭാഗങ്ങൾക്ക് 10 മുതൽ 20 വരെ കൂടും. ചില വിഭാഗങ്ങൾക്ക് വർധനയില്ല.
2024-25 ൽ ഗാർഹിക നിരക്കിൽ ചില സ്ലാബുകളിൽ വർധന. 51-100, 101-150, 151-200, 101-250 സ്ലാബുകളിൽ വൻ വർധന. 140.57 കോടിയാണ് അധിക വരുമാനം. ഫിക്സഡ് ചാർജിൽ 10 മുതൽ 30 രൂപ വരെ വർധന.2025-26 ൽ 20 പൈസ മുതൽ യൂനിറ്റിന് വർധന. ചില സ്ലാബുകളിൽ 2.20 രൂപ വരെ. ഫിക്സഡ് ചാർജ് വീണ്ടും വർധിക്കും. 2026-27ൽ 50 യൂനിറ്റ് വരെ വർധയില്ല. 51-100 സ്ലാബിൽ നാല് പൈസയും 101-150ൽ 18 പൈസയും വർധിക്കും. ചില വിഭാഗത്തിൽ 10 പൈസ വരെയാണ് വർധന നിർദേശം. എന്നാൽ, ഫിക്സഡ് ചാർജിൽ 10 രൂപ വർധനയും നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.