യാത്രാബോട്ട് നിരക്ക് വർധന; നാറ്റ്പാക് പഠനം അവസാന ഘട്ടത്തിൽ
text_fieldsആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളുടെ നിരക്ക് വർധിപ്പിക്കാൻ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്) പഠന റിപ്പോർട്ട് അവസാന ഘട്ടത്തിൽ. കുറഞ്ഞനിരക്ക് വർധിപ്പിക്കാൻ നാലുമാസം മുമ്പ് സംസ്ഥാനത്ത് ആരംഭിച്ച സംഘത്തിന്റെ പഠന റിപ്പോർട്ട് ഒരുമാസത്തിനകം സർക്കാറിന് നൽകും. നിലവിൽ ആറ് രൂപയാണ് മിനിമം നിരക്ക്. ഇത് 10 രൂപയാക്കി വർധിപ്പിക്കാനാണ് നീക്കം.
2016ലാണ് യാത്രാബോട്ടുകളുടെ മിനിമം നിരക്ക് ആറ് രൂപയാക്കി വർധിപ്പിച്ചത്. അതിന് മുമ്പ് നാല് രൂപയായിരുന്നു. പലതവണ ചാർജ് വർധിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. നിരക്ക് വർധനക്ക് മുന്നോടിയായി സർക്കാർ ഏജൻസിയായ നാറ്റ്പാക് അധികൃതർ ഓരോ ജില്ലകളിലുമെത്തി പരിശോധന നടത്തി.
ഓരോ തവണയും ബോട്ട് സർവിസ് നടത്തുമ്പോൾ എത്ര മണിക്കൂർ എൻജിൻ പ്രവർത്തിക്കുന്നു. അതിന് ചെലവാകുന്ന ഡീസൽ, അറ്റകുറ്റപ്പണിക്കുള്ള ചെലവ് എന്നിവ കണക്കാക്കിയാണ് മിനിമം നിരക്ക് നിശ്ചയിക്കുന്നത്. ഇതിന് ആവശ്യമായ വിവരങ്ങൾ പലഘട്ടങ്ങളിലായി ജലഗാതഗത വകുപ്പിൽനിന്നും നൽകിയിട്ടുണ്ട്.
സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചശേഷം മൂന്ന് മാസത്തിനുള്ളിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലായാണ് ജലഗതാഗത വകുപ്പിന് സർവിസുള്ളത്. 14 സ്റ്റേഷനുകളിലായി 63 സർവിസുണ്ട്. ഇതിൽ 54 എണ്ണം യാത്രാബോട്ടുകളാണ്. ഒരെണ്ണം സോളാർ ബോട്ടും എട്ടെണ്ണം കറ്റാമറൈൻ ഡീസൽ ബോട്ടുകളുമാണ്. ഏറ്റവും കൂടുതൽ കണക്ടിവിറ്റിയുള്ളത് ആലപ്പുഴ ജില്ലയിലാണ്. യാത്രാബോട്ടുകളെ ആശ്രയിക്കുന്നത് കൂടുതലും സാധാരണക്കാരായതിനാൽ അവർക്ക് താങ്ങാനാകുന്ന തുകയായിരിക്കും ഉയർത്തുകയെന്ന് ജലഗാതഗത വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.