കോട്ടയം ജില്ലയിൽ പോക്സോ കേസുകളിൽ വർധന
text_fieldsകോട്ടയം: ജില്ലയിൽ പോക്സോ കേസുകളിൽ വർധന. കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം 251 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
2014ല്‍ ഇത് 67 എണ്ണം മാത്രമായിരുന്നു. നിലവിൽ കേസുകളുടെ എണ്ണത്തിൽ സംസ്ഥാനതലത്തിൽ ഏട്ടാം സ്ഥാനത്താണ് കോട്ടയം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൊത്തം 1490 പോക്സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം പാലാ, എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവമാധ്യമങ്ങൾക്കൊപ്പം ലഹരി ഉപയോഗവും കേസുകളുടെ എണ്ണത്തിലെ വർധനക്ക് കാരണമാകുന്നതായി പൊലീസ് പറയുന്നു. സമീപകാലത്ത് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ഏറെയും നവമാധ്യമങ്ങള്‍ വഴിയുള്ള പരിചയത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളിലായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാർഥികളാണ് ഇരയാകുന്നതിൽ ഏറെയെന്നും പൊലീസ് പറയുന്നു.
മൊബൈലിലൂടെ പരിചയപ്പെട്ടവരാണ് ഇതിൽ ഭൂരിഭാഗവും. 15- 17നും വയസിനിടയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെല്ലാം ഇന്‍സ്റ്റഗ്രാമിന്റെ ഇരകളാണെന്നും പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം ചൂഷണം ചെയ്യുകയായിരുന്നു. മറ്റ് ജില്ലകളിൽനിന്ന് എത്തി ലൈംഗീകമായി പീഡിപ്പിച്ച സംഭവങ്ങളും ഏറെയാണ്.
ലഹരി ഉപയോഗത്തിന്റെ മറവിലും ലൈംഗിക ചൂഷണങൾ നടക്കുന്നുണ്ട്. ജില്ലയിൽ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുകയാണ്. സ്കൂളുകളിൽപോലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു.
അടുത്തിടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ സ്കൂൾ വിദ്യാർഥികളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തെ കുട്ടികളിലെ ലഹരി ഉപയോഗം കേസുകളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നതായി ബാലാവകാശ കമീഷനും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കേസിന്റെ ദുരുപയോഗവും വ്യാപകമാണെന്ന് പൊലീസ് പറയുന്നു. വൈരാഗ്യത്തിന്റെയും തെറ്റിധാരണയുടെയും പേരില്‍ കുട്ടികളെ ഇരകളാക്കി പരാതി നല്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
പോക്സോ കേസ് രജിസ്റ്റർ ചെയ്താൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് നിയമത്തിൽ വ്യക്തമാക്കുന്നതെങ്കിലും പലതും ഇഴയുകയാണെന്നും ആക്ഷേപമുണ്ട്. കേസെടുത്താലും ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുറയുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
കേസെടുക്കുന്നതിലെ കാലതാമസം മുതൽ വർഷങ്ങൾ നീളുന്ന വിചാരണ വരെ പോക്സോ കേസുകൾ അട്ടിമറിക്കപ്പെടുന്നതിന് പിന്നിലെ കാരണങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. ബന്ധുക്കൾ അടക്കം പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അട്ടിമറികൾ നടക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.