തീരുവ കൂട്ടിയത് കെ.എസ്.ഇ.ബിക്ക് അധിക ബാധ്യത
text_fieldsപാലക്കാട്: ബജറ്റിൽ വൈദ്യുതി തീരുവ കൂട്ടിയത് കെ.എസ്.ഇ.ബിക്കും വൈദ്യുതി വിതരണ ചുമതല ഏറ്റെടുത്ത മറ്റുള്ളവർക്കും വരുത്തുക വൻ ബാധ്യത. 1963 മുതൽ കേരള ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരം കെ.എസ്.ഇ.ബി ഉൾപ്പെടെ വൈദ്യുതി ലൈസൻസികൾ വിൽക്കുന്ന ഓരോ യൂനിറ്റിനും ആറ് പൈസ സർക്കാറിലേക്ക് അടക്കണമായിരുന്നു. ഈ തുക ബജറ്റിൽ 10 പൈസയാക്കി വർധിപ്പിച്ചു. ഇതിലൂടെ 101.41 കോടിയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ തുകയിൽ നല്ലൊരു വിഹിതമാകട്ടെ കെ.എസ്.ഇ.ബിയുടെ ചെലവിനത്തിൽ അധികമായി വന്നുചേരും. നിലവിൽ കെ.എസ്.ഇ.ബിക്ക് പുറമെ തൃശൂർ കോർപറേഷൻ, കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ്, ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി, കൊച്ചിൻ പോർട്ട്ട്രസ്റ്റ് പോലുള്ള പലരും വൈദ്യുതി വിതരണച്ചുമതല നിർവഹിക്കുന്നുണ്ട്.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിരക്കിൽ വർധന വന്നിട്ടില്ലെന്നാണ് വർധനക്ക് കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. അധിക വരുമാനത്തിൽ 70 കോടിയോളം കെ.എസ്.ഇ.ബിയിൽ നിന്ന് തന്നെ ലഭിച്ചേക്കും. ഈ അധികതീരുവ ഉപഭോക്താവിൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് 1963ലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ടിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, യൂനിറ്റിന് 12 പൈസ വരെ സർക്കാറിന് വർധിപ്പിക്കാനാകുമെന്ന് എടുത്തുപറഞ്ഞിട്ടുമുണ്ട്.
ഒരു ലൈസൻസി മറ്റൊരു ലൈസൻസിക്കാണ് വൈദ്യുതി വിതരണം ചെയ്യുന്നതെങ്കിൽ തീരുവ അടക്കേണ്ട. ഫലത്തിൽ ഉപഭോക്താക്കൾക്ക് കൈമാറുന്ന വൈദ്യുതിക്ക് മാത്രമേ തീരുവ നൽകേണ്ടതുള്ളൂ. ഈ തുക താരിഫിനത്തിൽ ഉൾപ്പെടുത്താനുമാകില്ല. വൈദ്യുതിനിരക്കിന്റെ ശരാശരി 10 ശതമാനം ഉപഭോക്താക്കളിൽ നിന്ന് തീരുവയായി കെ.എസ്.ഇ.ബി വാങ്ങുന്നുണ്ട്. പ്രതിവർഷം 1000 കോടി രൂപയാണ് ഈയിനത്തിൽ ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്നത്.
വൈദ്യുതി ഉൽപാദകർക്ക് നിരാശ
തീരുവ കൂട്ടിയതോടെ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് നിരാശ. 1963 മുതൽ യൂനിറ്റിന് 1.2 പൈസ ചുമത്തിയിരുന്ന തീരുവയാണ് 15 പൈസയാക്കി വർധിപ്പിച്ചത്. ഇതിലൂടെ 24 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സോളാർ, കാറ്റാടി, ചെറുകിട ജല വൈദ്യുത പദ്ധതികളിലെ മീറ്റർ റീഡിങ് കണക്കാക്കി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരാണ് ബിൽ തുക കണക്കാക്കുന്നത്. കേന്ദ്ര ബജറ്റിലുൾപ്പെടെ സോളാർ വൈദ്യുതി പ്രോത്സാഹന പദ്ധതികൾ ഒരു പാട് പ്രഖ്യാപിക്കപ്പെട്ട സമയത്താണ് ഈ തീരുവ വർധന. ജനറേറ്റർ വെച്ച് പ്രവർത്തിക്കുന്ന സോളാർ വൈദ്യുതി ഉൽപാദകർക്കുൾപ്പെടെ വർധന തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.