ഇത് പിടിച്ചുപറി: പഴയ അപേക്ഷക്കും പത്തിരട്ടി കൂട്ടിയ ഫീസ്; ആശങ്കയിലായി കെട്ടിട നിർമാണ അപേക്ഷകർ
text_fieldsതിരുവനന്തപുരം: ജനത്തെ പിഴിയുന്നതിന് കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് തദ്ദേശസ്ഥാപനങ്ങൾ. ഏപ്രിൽ 10 മുതലാണ് പ്രാബല്യമെങ്കിലും കഴിഞ്ഞമാസവും അതിന് മുമ്പും നൽകിയ കെട്ടിട നിർമാണാനുമതി അപേക്ഷകൾക്കും പത്തിരട്ടി കൂട്ടിയ പുതുക്കിയ ഫീസ് നൽകണമെന്ന വാശിയിലാണ് മിക്ക തദ്ദേശസ്ഥാപനങ്ങളും. തിരുവനന്തപുരം കോർപറേഷൻ മുൻ അപേക്ഷകളിൽ വർധിപ്പിച്ച ഫീസാണ് ഈടാക്കുന്നത്. ഇത് കെട്ടിടനിർമാണ ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ബിൽഡിങ് ഡിസൈനർമാരും ആർകിടെക്ടുകളും സർക്കാറിന് പരാതി നൽകി.
മാർച്ചിൽ നൽകിയ അപേക്ഷയിലെല്ലാം പുതിയ ഫീസ് നിരക്കാണ് തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്നത്. മാർച്ച് രണ്ടിന് നൽകിയ അപേക്ഷയിൽ പെർമിറ്റ് ഫീസായി 3600 രൂപ മാത്രം നൽകേണ്ട സ്ഥാനത്ത് പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരം കോർപറേഷനിൽ ഈടാക്കിയത് 36,343 രൂപയാണ്. അതേസമയം അപേക്ഷഫീസ് പഴയ നിരക്കായ 50 രൂപ തന്നെയാണ് ഈടാക്കിയത്. പെർമിറ്റ് ഫീസിനൊപ്പം അപേക്ഷ ഫീസും 300 മുതൽ 5000 വരെ കൂട്ടിയിരുന്നു.
ജനുവരിയിൽ അപേക്ഷ സമർപ്പിച്ച ആളോടും പുതിയ നിരക്ക് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. 4,600 രൂപ അടയ്ക്കേണ്ട സ്ഥാനത്ത് 42,000 രൂപ അടയ്ക്കണമെന്നാണ് കോർപറേഷൻ ആവശ്യപ്പെടുന്നത്. ഏപ്രിൽ പത്തിന് മുമ്പ് അനുമതി കിട്ടിയ അപേക്ഷകളാണെങ്കിൽ മാത്രം ആ ഫീസ് നൽകിയാൽ മതിയായിരുന്നെന്നും അതിന് ശേഷമാണെങ്കിൽ പുതിയ നിരക്ക് നൽകണമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നതിന് മുമ്പുള്ള ഏത് അപേക്ഷയിലും പഴയനിരക്ക് മാത്രമേ വാങ്ങാവൂ എന്നാണ് സംഘടനകൾ പറയുന്നത്.
സംസ്ഥാനത്ത് കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി ജനുവരി മുതൽ മാർച്ചുവരെ 24,000 ത്തോളം കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ പരിഹാരം കാത്ത് കിടപ്പുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ ഏതാണ്ട് 1200 അപേക്ഷയുണ്ട്. പഴയ അപേക്ഷകരെല്ലാം പുതിയ നിരക്ക് നൽകേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.