വേർപിരിഞ്ഞപ്പോൾ കേരള കോൺഗ്രസുകൾക്ക് സീറ്റുകളുടെ എണ്ണത്തിൽ വർധന
text_fieldsകോട്ടയം: വേർപിരിഞ്ഞ് ഇരുമുന്നണിയുടെയും ഭാഗമായതോടെ കേരള കോൺഗ്രസുകൾക്ക് സീറ്റുകളുടെ എണ്ണത്തിൽ ഇക്കുറി മികച്ച നേട്ടം. 2016ൽ യു.ഡി.എഫിനൊപ്പമായിരുന്ന ഇരുകേരള കോൺഗ്രസുകൾക്കുംകൂടി ലഭിച്ചത് 15 സീറ്റ്. അത് 11-4 ക്രമത്തിൽ ഇരുകൂട്ടരും വീതിച്ചിട്ടും ജയിച്ചത് ആറുപേർ. കെ.എം. മാണിയുടെ മരണത്തോടെ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ അതിൽ ഒന്ന് നഷ്ടമായി.
ഇത്തവണ വേർപിരിഞ്ഞപ്പോൾ ഇടതു-വലതു മുന്നണികളിലായി ലഭിച്ചത് 23 സീറ്റ്. ജോസ് വിഭാഗത്തിന് ഇടതുമുന്നണി 13 സീറ്റ് നൽകിയപ്പോൾ ജോസഫ് വിഭാഗത്തിന് യു.ഡി.എഫ് 10 സീറ്റും നൽകി. ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണെങ്കിൽ പോലും ജോസ്-ജോസഫ് വിഭാഗങ്ങൾ ഇരുമുന്നണികളിൽനിന്നും സീറ്റുകൾ വാരിക്കൂട്ടി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ മിക്ക ജില്ലകളിലും സീറ്റ് ലഭിച്ചു.
ജോസഫ് വിഭാഗത്തിന് യു.ഡി.എഫ് തൃക്കരിപ്പൂർ സീറ്റ് നൽകിയപ്പോൾ ജോസ് വിഭാഗത്തിന് കണ്ണൂരിൽ ഇരിക്കൂറും കിട്ടി. ഒന്നിച്ചുനിന്നിട്ടും കഴിഞ്ഞ തവണ തളിപ്പറമ്പിൽ ഇവർക്ക് വിജയിക്കാനായില്ല.
സീറ്റ് വിഭജന ചർച്ചയിൽ ഇടതുമുന്നണി ജോസ് വിഭാഗത്തിന് നൽകിയ പരിഗണന മുഖ്യ ഘടകകക്ഷിയായ സി.പി.ഐയെപ്പോലും ഞെട്ടിച്ചു. എൽ.ഡി.എഫിെൻറ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസിനും കേരള കോൺഗ്രസ്-ബിക്കും ഓരോ സീറ്റുണ്ട്. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനും ഒരുസീറ്റ് കിട്ടി -പിറവം. ഇതോടെ കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണം 26 ആകും. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസിന് ഇടതുമുന്നണി നാല് സീറ്റ് നൽകിയിട്ടും ഒന്നിൽപോലും ജയിക്കാനായില്ല. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് ഇത്തവണ സീറ്റില്ല.
കഴിഞ്ഞ തവണ ഒരുസീറ്റ് നൽകിയിരുന്നു. കാര്യമായ പരാതിക്കും പരിഭവത്തിനും ഇടയില്ലാത്ത വിധം കേരള കോൺഗ്രസുകൾ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കുന്നതും ഈ തെരഞ്ഞെടുപ്പിെൻറ പ്രത്യേകതയായി. ലഭിച്ച സീറ്റുകളിൽ മിക്കയിടത്തും കേരള കോൺഗ്രസുകൾ പ്രചാരണവും ആരംഭിച്ചു.
കോതമംഗലം, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, തൊടുപുഴ, ഇടുക്കി, കുട്ടനാട്, ഇരിങ്ങാലക്കുട, തിരുവല്ല, തൃക്കരിപ്പൂർ സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുക. സ്ഥാനാർഥിപ്പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കും.
ജോസ് വിഭാഗത്തിന് കോട്ടയത്ത് അഞ്ച് സീറ്റുകൾ ഇടതുമുന്നണി നൽകി -കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാർ, പാലാ, ചങ്ങനാശ്ശേരി. തൃശൂരിൽ ചാലക്കുടിയും പത്തനംതിട്ടയിൽ റാന്നിയും എറണാകുളത്ത് പെരുമ്പാവൂരും പിറവവും കണ്ണൂരിൽ ഇരിക്കൂറും കോഴിക്കോട് കുറ്റ്യാടിയും ഇടുക്കിയിൽ തൊടുപുഴയും ഇടുക്കിയും ഉൾെപ്പടെ 13 സീറ്റുകൾ. ഇതിൽ നാലിടത്ത് കേരള കോൺഗ്രസുകൾ പരസ്പരം പോരടിക്കും -ഇടുക്കി, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ.
യു.ഡി.എഫിൽ പിറവത്ത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തെ ജോസ് പക്ഷം നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.