ലോക്ഡൗൺ: കേരളത്തിലും ഗാർഹിക പീഡനങ്ങളേറി
text_fieldsതൃശൂർ: ലോക്ഡൗൺ കാലത്ത് കേരളത്തിലും വീടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം വർധിച്ചെന്ന് ‘കില’യുടെ പഠനറിപ്പോർട്ട്. ഗാർഹിക അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്ന മിത്ര, സഖി, ഭൂമിക, സ്നേഹിത, മഹിള സമഖ്യ ഹെൽപ്ലൈനുകൾക്ക് 2020 മാർച്ച് 23 മുതൽ ഏപ്രിൽ 18 വരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണിത്. െഹൽപ്ലൈൻ വഴി വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത് 188 പരാതികളാണ്. ഇവയിൽ 102 പരാതികൾ ശാരീരികപീഡനത്തിനാണ്. മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച് 79 പരാതികൾ, ലൈംഗികപീഡനത്തിന് നാല്, സാമ്പത്തിക പീഡനത്തിന് മൂന്ന് എന്നിങ്ങനെയും പരാതികൾ ലഭിച്ചു. 26 ദിവസത്തിനിടെയാണ് ഈ പരാതികളെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ഗാർഹിക പീഡനത്തിനുള്ള പ്രധാന കാരണമായി കൂടുതൽ പേർ പങ്കുവെച്ചത്. 40 പേർ ഇത് സാക്ഷ്യപ്പെടുത്തി.
മദ്യം കിട്ടാത്ത അവസ്ഥ അതിക്രമകാരണമായി 28 പേർ വെളിപ്പെടുത്തി. മദ്യം കിട്ടാത്ത അസ്വസ്ഥത കാരണം പീഡനമേറ്റ് വാങ്ങുന്നതായി അഞ്ചുപേർ പരാതിപ്പെട്ടു. സംശയരോഗം-13, ലൈംഗിക വിസമ്മതം-നാല് എന്നിങ്ങനെയാണ് മറ്റ് കാരണങ്ങൾ. 188ൽ 131 പരാതികളിലും കുറ്റക്കാർ ഭർത്താവാണ്. ഭർത്താവിെൻറ മാതാപിതാക്കൾ-23, കുട്ടികളുടെ ഭാഗത്തുനിന്നുള്ള പീഡനം-10, 18 കേസുകളിൽ മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പ്രതിസ്ഥാനത്ത്. പരാതിക്കാരിൽ കൂടുതലും 20 വയസ്സിനും 40നും ഇടയിലുള്ളവരാണ്.
കൂടുതൽ പരാതി ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ളവരിൽ നിന്നാണ്. ഇതിൽ ജനറൽ വിഭാഗങ്ങളിൽ നിന്ന് 93ഉം പട്ടികജാതി-വർഗ വിഭാഗങ്ങളിൽ നിന്ന് 18ഉം പരാതികളുമെത്തി. കൗൺസലിങ്, പൊലീസ്, വൈദ്യസഹായം ലഭ്യമാക്കൽ, വനിത കമീഷൻ ഇടപെടൽ എന്നിവയുടെ സഹായത്തോടെ പരാതികളിൽ നടപടിയെടുക്കാനായി.
തദ്ദേശസ്ഥാപനങ്ങളിലെ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർമാർ പഠനത്തിൽ പ്രധാന പങ്ക് വഹിച്ചു. താഴ്ന്ന വരുമാനമുള്ളവരും ദലിതരുമാണ് പരാതിപ്പെട്ടവരിലേറെയും.
ചെറിയ ശതമാനം പേർ മാത്രമാണ് സർക്കാർ സംവിധാനങ്ങളിലൂടെ പരാതിപ്പെടാൻ ധൈര്യം കാട്ടിയതെന്ന് ‘കില’ അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, മദ്യലഭ്യത കുറഞ്ഞത് ഭൂരിഭാഗം വീടുകളിലും സമാധാന അന്തരീക്ഷമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.