കെ.പി.സി.സിയിൽ ഭാരവാഹി പുനഃസംഘടന ആലോചന സജീവം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിൽ പുനഃസംഘടന സംബന്ധിച്ച ആലോചന സജീവം. ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് നിയമനത്തിനുള്ള പേരുകൾ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എ.ഐ.സി.സി മുമ്പാകെ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം. ലിജു, ട്രഷറർ സ്ഥാനത്തേക്ക് മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവരെ നിയമിക്കണമെന്നാണ് സുധാകരന്റെ ആവശ്യം. ഇതോടൊപ്പം വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റോ ആന്റണി എം.പിയുടെ പേരും സജീവമാണ്.
പുതിയ നിയമനം സംബന്ധിച്ച ചർച്ച പാർട്ടിയിൽ നടന്നിട്ടില്ലെന്നാണ് ഗ്രൂപ് നേതാക്കളുടെ പ്രതികരണം. നേതൃത്വം നിർദേശം വെക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കാമെന്നും അവർ പറയുന്നു.
സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ യോഗം വ്യാഴാഴ്ച ഡൽഹിയിൽ എ.ഐ.സി.സി വിളിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കമാണ് ഡൽഹി യോഗത്തിന്റെ പ്രധാന അജണ്ട. കെ.പി.സി.സി നേതൃത്വത്തിലെ ഒഴിവുനികത്തലും ചർച്ചക്ക് വരുമെന്നാണ് സൂചന. ട്രഷറർ പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ, വർക്കിങ് പ്രസിഡന്റ് പി.ടി. തോമസ് എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് നേതൃത്വത്തിൽ മൂന്ന് പ്രധാന സ്ഥാനങ്ങൾ ഒഴിവുവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഘടനയെ കൂടുതൽ ചലനാത്മകമാക്കുന്നതിന് ഉടൻ നിയമനം വേണമെന്ന നിർദേശമാണ് കെ.പി.സി.സി പ്രസിഡന്റ് മുന്നോട്ടുവെക്കുന്നത്.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായ എം. ലിജു കെ.പി.സി.സി പ്രസിഡന്റിന്റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെടുന്നത്. എം. ലിജു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ നിലവിൽ ഈ സ്ഥാനം വഹിക്കുന്ന ടി.യു. രാധാകൃഷ്ണന് മാറ്റമുണ്ടാകും.
നിയമസഭക്ക് അകത്തും പുറത്തും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടത്തിലൂടെ ശ്രദ്ധനേടിയാണ് മാത്യു കുഴൽനാടൻ കെ.പി.സി.സി ട്രഷററുടെ ചുമതലയിലേക്ക് നിർദേശിക്കപ്പെട്ടത്. പി.ടി. തോമസ് വഹിച്ചിരുന്ന പദവിയിൽ അനുയോജ്യനായ സീനിയർ നേതാവ് എന്നനിലയിലാണ് വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റോ ആന്റണിയുടെ പേരിന് മുൻതൂക്കം ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.