എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ
text_fieldsകാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർ ഇന്ന് മുതൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരം തുടങ്ങുന്നു. എൻഡോസൾഫാൻ ദുരിതബാധിതരായി മെഡിക്കൽ ക്യാമ്പുവഴി കണ്ടെത്തിയ 1031 പേർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
2017 ഏപ്രിലിൽ ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി 1905 ദുരിതബാധിതരെ കണ്ടെത്തിയിരുന്നു. പുനരധിവാസ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ 1905 ദുരിതബാധിതരുടെ അന്തിമ ലിസ്റ്റ് തയാറാക്കി അവതരിപ്പിക്കാൻ തയാറായെങ്കിലും സർക്കാർ തടഞ്ഞു. പട്ടിക 287 ആയി ചുരുക്കി സെല്ലിൽ അവതരിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് 76 പേരെ കൂട്ടിച്ചേർത്തു.
2019 ജനുവരി 30 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ അമ്മമാർ നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 1905 ൽ പെട്ട 18 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ലിസ്റ്റിൽ പെടുത്താനും ബാക്കിയുള്ളവരുടെ മെഡിക്കൽ വിവരങ്ങൾ പരിശോധിച്ച് അർഹരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിൽ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റിൽപെടുത്തി. എന്നാൽ, ബാക്കി 1031 പേരുടെ കാര്യത്തിൽ നടപടികളുണ്ടായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് മുതൽ സമരം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.