Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈ കഴുകി തുടയ്ക്കുകീ...

കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാൻ...

text_fields
bookmark_border
കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാൻ...
cancel

പാദുകങ്ങളണിയാതെ, അർധനഗ്നനായ് നടന്ന് അടിയേറ്റ്, കൊടിയ വാക്ദംശനങ്ങളേറ്റ് ഒരു വന്ദ്യവയോധികനും കുറെയേറെ പോരാളികളും ചേർന്ന് രക്തം നൽകി നമുക്കേകിയ സ്വാതന്ത്ര്യത്തിന്റെ ഓർമ പുതുക്കാൻ ഒരു പുലരി കൂടി എത്തിയിരിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നുകർന്നതിന്റെ അലയൊലികളിൽ നമ്മുടെ മലയാളനാടും അകലെയല്ലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരവും ഉപ്പു സത്യഗ്രഹവും ഒക്കെ അങ്ങ് രാജ്യത്തിന്റെ ഉത്തരദേശങ്ങളിലും വംഗനാടുകളിലും അലയടിച്ചതിന്റെ അതേ ആവേശത്തിൽ, ഒരുപക്ഷേ അതിലേറെ വീര്യത്തിൽ ഇങ്ങ് മലയാളക്ക​രയെയും തൊട്ടു. എങ്ങും എവിടെയും സ്വാതന്ത്ര്യ ശ്വാസത്തിനായുള്ള ശബ്ദമുയർന്നു.

തൃശൂരും ഈ അനീതിക്കെതിരെ മുഷ്ടി ചുരുട്ടുന്നതിൽനിന്ന് മാറിനിന്നില്ല. വെളിയങ്കോട് ഉമർ ഖാദിയിൽ തുടങ്ങുന്നു ആ ചരിത്രം. ശക്തനായ ബ്രിട്ടീഷ് വിരോധി എന്ന് ബ്രിട്ടീഷ് രേഖകളിലുള്ള ഒരു പേരും ഇദ്ദേഹത്തിന്‍റെതുതന്നെ. സ്വാതന്ത്ര്യസമരം അതിന്റെ മൂർത്ത രൂപത്തിലേക്ക് എത്തുന്നതിനും ആണ്ടുകൾക്കു മുമ്പ് അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിനിറങ്ങി. പിൽക്കാല സ്വാതന്ത്ര്യ സമരങ്ങൾക്കൊക്കെയും അദ്ദേഹത്തിന്റെ കഥകൾ ഊർജം പകർന്നു. അക്കാലത്ത് മലബാറിലും കൊച്ചി രാജ്യത്തുമായി ചിതറിക്കിടന്ന തൃശൂരിലെ ജനത സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കുകൊണ്ടു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ സംഭാവന ചെയ്തത് ഈ മണ്ണാണ്. മായന്നൂർ കെ. ശങ്കരനെഴുത്തച്ഛൻ, മുതിരയ്ക്കൽ രാമൻകുട്ടി പണിക്കർ, ഇക്കണ്ട വാര്യർ, വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ, എസ്. നീലകണ്ഠ അയ്യർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, പൂവത്തിങ്കൽ സെബാസ്റ്റ്യൻ എന്നിങ്ങനെ നീണ്ടതാണ് തൃശൂരിൽനിന്ന് സ്വാതന്ത്ര്യസമരത്തിനായി പോരാടിയവരുടെ പേരുകൾ. ചേർത്തുവെക്കാൻ ഇനിയും എത്രയെത്ര പേരുകൾ.

ജില്ലയുടെ തീരഗ്രാമങ്ങളായ വെളിയങ്കോട്, ചാവക്കാട്, എറിയാട് എന്നിവയൊക്കെ പ്രക്ഷോഭങ്ങളാൽ തിളച്ച കാലംകൂടിയായിരുന്നു അത്. ജൻമിത്തത്തിനും നാടുവാഴ്ചക്കും അയിത്തത്തിനും എതിരെയെന്നതിനൊപ്പം സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരുക എന്നതുകൂടിയായിരുന്നു ഗുരുവായൂരിലേക്കുള്ള ഗാന്ധിജിയുടെ ചരിത്ര യാത്രയുടെ ലക്ഷ്യം. അത് എത്രമാത്രം വിജയകരമായിരുന്നു എന്നതിന് പിന്നീട് കാലം സാക്ഷി. ഗുരുവായൂരമ്പലനട പോലെത്തന്നെ പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രത്തിന്റെ മണ്ണിലും സ്വാതന്ത്ര്യത്തിനായുള്ള ശബ്ദം ഉയർന്നു.

സ്വരാജ് റൗണ്ടിൽ മൂവർണക്കൊടി ഉയർത്താനെത്തിയവരെ പൊലീസ് അടിച്ചോടിച്ച ചരിത്രമുണ്ട്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് പോയി ‘അൽ അമീൻ’എന്ന പേരിൽ പത്രമിറക്കി. പൂവത്തിങ്കൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ‘ബാല ഗംഗാധരൻ’എന്നപേരിൽ ഒരു പത്രം പ്രസിദ്ധീകരിക്കപ്പെട്ടു. ഇങ്ങനെ നാനാവിധ മേഖലകളിൽ തൃശൂരിന്റെ സ്വാതന്ത്ര്യസമര ചരിത്രം വിളങ്ങിനിൽക്കുന്നു.

ഇത്രയേറെ സംഭവബഹുലമായ സ്വാത​ന്ത്ര്യസമര പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച തൃശൂരിന്റെ മണ്ണിൽതന്നെ രാജ്യത്തിനെ ഒറ്റിക്കൊടുത്ത സംഭവങ്ങളും വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തോട് കൂറ് പ്രഖ്യാപിച്ചു​കൊണ്ട് പരസ്യമായി ജാഥ നയിച്ചവരും തൃശൂരിലുണ്ടായിട്ടുണ്ട്. ഒരേസമയം, സ്വാതന്ത്ര്യസമരവും ബ്രിട്ടീഷ് അനുകൂല കൂറു പ്രഖ്യാപന ജാഥയും നടന്ന മണ്ണാണ് തൃശൂരിന്റേത്.

സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരും അധിനിവേശ ശക്തികൾക്കായി പണിയെടുത്തവരും ഈ മണ്ണിലുണ്ട് എന്നത് വിധിവൈപരീത്യമാകാം. അഴുക്ക് പുരണ്ട കൈകളിൽനിന്നും രാജ്യവും ത്രിവർണ പതാകയും സംശുദ്ധമാക്കേണ്ടതുണ്ട്. അതിന് സജ്ജമാകാൻ ഈ സ്വാതന്ത്ര്യദിനം നമുക്ക് കരുത്ത് പകരട്ടെ. ‘ഏകീഭവിച്ചൊരുങ്ങുകിങ്ങേകോദര ജാതർ നമ്മൾ കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാൻ’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsIndependence Day 2024
News Summary - Independence Day
Next Story