20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; ശ്രദ്ധേയമായി മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsകോഴിക്കോട്: 20 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ സംഗമമായി മർകസിലെ 76ാം സ്വാതന്ത്ര്യ ദിനാഘോഷം.
കേന്ദ്ര ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന ആഘോഷ പരിപാടിയിൽ 5000ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ദേശീയ പതാക ഉയർത്തി. ഇന്ത്യക്കാർ എന്ന ഒറ്റപരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തിൽ ഇന്ത്യാ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ എല്ലാ കാലത്തെയും ഭരണാധികാരികളും ജനങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വിവിധ ഭാഷകളിൽ രചിച്ച സ്വാതന്ത്ര്യഗീതം വിദ്യാർഥികൾ ആലപിച്ചു. എ.പി. മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, വി.പി.എം. ഫൈസി വില്യാപ്പള്ളി, മുഖ്താർ ഹസ്‌റത്ത്, വിവിധ വകുപ്പുമേധാവികൾ എന്നിവർ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ 26 സംസ്ഥാനങ്ങളിലുള്ള വിവിധ മർകസ് ക്യാമ്പസുകളിലും ഇതേസമയം ആഘോഷപരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.