പെരിയാറിലെ മത്സ്യക്കുരുതി: യഥാർഥ കാരണം കണ്ടെത്താൻ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് കലക്ടറുടെ റിപ്പോർട്ട്
text_fieldsകളമശ്ശേരി: പെരിയാറിലെ മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്താനും ആവർത്തിക്കാതിരിക്കാനും സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തുകയോ വിദഗ്ധ സമിതി രൂപവത്കരിക്കുകയോ വേണമെന്ന് ജില്ല കലക്ടറുടെ റിപ്പോർട്ട്. സംസ്ഥാന സർക്കാറിന് സമർപ്പിച്ച അന്വേഷിച്ച റിപ്പോർട്ടിൽ മത്സ്യക്കുരുതിയിൽ 13.55 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ചൂണ്ടിക്കാട്ടുന്നു.
മേയ് 20നാണ് പെരിയാറിലുണ്ടായ മത്സ്യം വ്യാപകമായി ചത്തത്. നീറി, എൻ.ഐ.ഐ.എസ്.ടി, ഐസർ, കുസാറ്റ് എന്നിവിടങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കണം. മലിനീകരണം തടയാൻ മൂന്നു കിലോമീറ്റർ നിരീക്ഷണ പാതയും ഡൈക്ക് വാളും നിർമിക്കണം. അമേരിക്കയിലും ആസ്ട്രേലിയയിലും ഉള്ളതുപോലെ സംസ്ഥാനതലത്തിൽ ഫിഷ് കിൽ പ്രോട്ടോകോൾ വികസിപ്പിച്ചെടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
പെരിയാറിന്‍റെ അടിത്തട്ടിൽ മാലിന്യക്കുഴലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഗ്രൗണ്ട് പെനറ്ററേറ്റിങ് റഡാർപോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തണം. വ്യവസായ മേഖലയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തണം. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാനകളിൽ സൈൻ ബോർഡ് സ്ഥാപിക്കണം. ഇവിടെ തുടർച്ചയായ നിരീക്ഷണവും പരിശോധനയും വേണം. പെരിയാറിലെ ഒഴുക്ക് നിലനിർത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മത്സ്യകൃഷിക്കായി വായ്പയെടുത്ത കർഷകരുടെ വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് മൂന്നുമാസത്തേക്ക് ദിവസേന 35 രൂപ ധനസഹായവും മൂന്നുമാസം സൗജന്യ റേഷനും അനുവദിക്കണം. മാലിന്യം ഒഴുക്കിയ കമ്പനികളിൽ നിന്നുതന്നെ നഷ്ടപരിഹാരം ഉറപ്പാക്കണം. പെരിയാറിൽ മത്സ്യവിത്ത് നിക്ഷേപപദ്ധതി ഊർജിതമാക്കുകയും മത്സ്യകൃഷി പുനരാരംഭിക്കാൻ പാക്കേജ് അനുവദിക്കുകയും വേണം.
വ്യവസായങ്ങളിലെ ഇ.ടി.പി നിരീക്ഷണത്തിനായി കലക്ടർ ചെയർമാനായി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുകയും എല്ലാ മാസവും മാലിന്യത്തിന്‍റെ അളവ് പ്രസിദ്ധീകരിക്കുകയും അല്ലാത്തപക്ഷം ഹരിത ട്രൈബ്യൂണലിൽ ഹരജി കൊടുക്കുകയും വേണം. മേഖലയിലെ ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.