പാവറട്ടിയിൽ ഇടത് പിന്തുണയിൽ സ്വതന്ത്രാംഗം പ്രസിഡന്‍റ്; എൽ.ഡി.എഫ്-ബി.ജെ.പി ബന്ധം ആരോപിച്ച് കോൺഗ്രസ്
text_fieldsപാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര അംഗം എം.എം. റെജീന
പാവറട്ടി: തൃശൂർ പാവറട്ടി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്രാംഗം എം.എം. റെജീന പ്രസിഡന്‍റായി. യു.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. ബി.ജെ.പിയുടെ ഏക പ്രതിനിധി ഒപ്പിട്ട ശേഷം വോട്ട് ചെയ്യാതെ പോയി. എൽ.ഡി.എഫ്-ബി.ജെ.പി ധാരണയിലാണ് റെജീന പ്രസിഡന്‍റായതെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു.
15 അംഗങ്ങൾ ഉണ്ടായിരുന്ന പാവറട്ടി പഞ്ചായത്തിൽ കോൺഗ്രസ് അംഗമായിരുന്ന സിന്ധു അനിൽകുമാർ കൂറുമാറി എൽ.ഡി.എഫിനൊപ്പം നിന്ന് നേരത്തെ പ്രസിഡന്‍റായിരുന്നു. സിന്ധുവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കി. ഈ സാഹചര്യത്തിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായി.
കഴിഞ്ഞമാസം 10ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിമല സേതുമാധവൻ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിച്ചത് വിവാദമായതോടെ സ്ഥാനം രാജിവെച്ചു.
നിലവിൽ 14 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും അഞ്ച് വീതവും എസ്.ഡി.പി.ഐക്ക് രണ്ടും ബി.ജെ.പിക്ക് ഒന്നും അംഗങ്ങളും ഒരു സ്വതന്ത്രാംഗവുമാണ് ഉള്ളത്. സ്വതന്ത്രാംഗം എൽ.ഡി.എഫ് അനുകൂല നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ യു.ഡി.എഫിലെ കോൺഗ്രസ് അംഗങ്ങൾക്ക് ഇന്നലെ വിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും ആരും വിപ്പ് സ്വീകരിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
യു.ഡി.എഫിന് പുറമെ എസ്.ഡി.പി.ഐ അംഗങ്ങളും തെരഞ്ഞെടുപ്പിന് എത്തിയില്ല. തെരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോൾ ക്വാറം തികയില്ലെന്ന് വരണാധികാരി അറിയിച്ചു. ഇതിന് പിന്നാലെ എത്തിയ ബി.ജെ.പി പ്രതിനിധി ഒപ്പിട്ട് വോട്ടെടുപ്പിന് നിൽക്കാതെ മടങ്ങി. ബി.ജെ.പി പ്രതിനിധി ഒപ്പിട്ടതോടെ ക്വാറം തികയുന്ന സാഹചര്യം ഉണ്ടാവുകയും എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര എം.എം. റെജീന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരാണാധികാരി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ക്വാറം തികക്കാൻ സി.പി.എം ആവശ്യപ്പെട്ടതു പ്രകാരമാണ് ബി.ജെ.പി അംഗം എത്തിയതെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. മാത്രമല്ല,
തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങിയ ശേഷം എത്തിയ ബി.ജെ.പി പ്രതിനിധിയെ സമയം വൈകിയിട്ടും വരണാധികാരി പ്രവേശിപ്പിച്ചുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.
അതേസമയം, താൻ ആരുടെയും ആവശ്യപ്രകാരം വന്നതല്ലെന്നും മുൻ ഭരണസമിതിയുടെ കാലത്തും അന്നത്തെ ബി.ജെ.പി പ്രതിനിധി സമാന സാഹചര്യത്തിൽ യോഗത്തിനെത്തി ഒപ്പിട്ട് വോട്ടെടുപ്പിൽ പങ്കെടുക്കാതെ പോയിട്ടുണ്ടെന്നും ബി.ജെ.പി പ്രതിനിധി എം.എം. മണികണ്ഠൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.