Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യ@75;...

ഇന്ത്യ@75; ഉപ്പുസത്യഗ്രഹ സ്മൃതിയിൽ രണ്ടാം ബർദോളി

text_fields
bookmark_border
uliyath kadavu 15821
cancel
camera_alt

ഉളിയത്ത് കടവ് ഉപ്പുസത്യാഗ്രഹ സ്മാരകം

പയ്യന്നൂർ: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല പോരാട്ടങ്ങളുടെ സ്മൃതിയിൽ രണ്ടാം ബർദോളിയായ പയ്യന്നൂർ. ഉപ്പുസത്യഗ്രഹത്തിന് സാക്ഷ്യം വഹിച്ചതും, ആദ്യമായി പൂർണ്ണ സ്വരാജ് പ്രമേയം അവതരിപ്പിച്ച നാലാം കോൺഗ്രസ് സമ്മേളനം നടന്നതുമുൾപ്പെടെ നിരവധി ചരിത്ര സ്മരണകളാണ് രാജ്യം സ്വതന്ത്രമായി 75 ലേക്ക് കടക്കുമ്പോൾ പയ്യന്നൂരിന് സ്വന്തമായുള്ളത്.

ദണ്ഡിയാത്ര നടത്തി ഗാന്ധിജി ഉപ്പുകുറുക്കി നിയമം ലംഘിച്ചതിന്‍റെ തുടർച്ചയായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്നത് രണ്ടാം ബർദോളി എന്ന പയ്യന്നൂരിലായിരുന്നു. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ആഘോഷ പൊലിമയില്ലാത്ത വാർഷികമാണ് ഇക്കുറിയും കടന്നു പോകുന്നത്.

ഉപ്പുസത്യഗ്രഹത്തോടെ പയ്യന്നൂർ ഉളിയത്തുകടവ് ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഐതിഹാസിക പോരാട്ടത്തിന്‍റെ കർമഭൂമിയായി മാറി. സാമ്രാജ്യത്വവാഴ്ചയോട് സമാധാനപൂർവം എതിരിട്ട "രണ്ടാം ബർദോളി'യായി മാറിയത് ഈ സമരത്തോടെയാണ്. ഇവിടെ വെച്ചാണ് കെ. കേളപ്പന്‍റെ നേതൃത്വത്തിൽ ഉപ്പുകുറുക്കി നിയമം ലംഘിച്ചത്.

1920ഓടെ പയ്യന്നൂർ ദേശീയ പ്രസ്ഥാനത്തിന്‍റെ കനൽ ഏറ്റുവാങ്ങിയിരുന്നു. ദണ്ഡിയാത്ര നടത്തി ഗാന്ധിജി ഉപ്പുകുറുക്കി നിയമം ലംഘിച്ചതിന്‍റെ തുടർച്ചയായാണ്‌ കേരളത്തിൽ ആദ്യമായി പയ്യന്നൂരിൽ ഉപ്പുകുറുക്കൽ സമരം നടന്നത്‌. നിയമലംഘന പ്രസ്ഥാനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി കെ. കേളപ്പൻ, മൊയാരത്ത് ശങ്കരൻ, സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം തീരുമാനിച്ചത്.



(ഉളിയത്ത് കടവ്)

1930 മാർച്ച് ഒമ്പതിന് വടകരയിൽ ചേർന്ന കെ.പി.സി.സി യോഗം ഇതിന് അനുമതി നൽകി. 32 അംഗ ജാഥയിൽ കെ. കേളപ്പൻ ലീഡറും കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ ക്യാപ്റ്റനുമായിരുന്നു. പി. കൃഷ്ണപിള്ളയായിരുന്നു ഒരു ഗ്രൂപ്പിന്‍റെ ലീഡർ. 1930 ഏപ്രിൽ 13ന് ആരംഭിച്ച ജാഥ 22ന് പയ്യന്നൂരിലെത്തി. പിറ്റേന്ന് ജാഥ ഉളിയത്ത് കടവിലെത്തി ഉപ്പു കുറുക്കുകയായിരുന്നു.

ഗാന്ധിജിയുടെ ഉപ്പുസത്യഗ്രഹത്തിന്‍റെ 90ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് പയ്യന്നൂരിൽ വിവിധ പരിപാടികൾ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

1928ൽ നടന്ന നാലാം കെ.പി.സി.സി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവായിരുന്നു. സമ്മേളനത്തിൽ ചിലർ എതിർത്തുവെങ്കിലും വൻ ഭൂരിപക്ഷത്തോടെ ആദ്യമായി പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടത്തിയതിലൂടെ പയ്യന്നൂർ സമ്മേളനം ഇന്ത്യയിൽ തന്നെ ചരിത്രപ്രസിദ്ധമായി. ഇതിന് തുടർച്ചയായി ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനവും മറ്റൊരു ചരിത്രമെഴുതി. ശ്രീനാരായണ വിദ്യാലയം സന്ദർശിച്ച ഗാന്ധിജി സന്ദർശന പുസ്തകത്തിൽ ഒപ്പുവെക്കുകയും ആശ്രമ മുറ്റത്ത് മാവ് നടുകയും ചെയ്തു. ചരിത്രത്തിലേക്ക് വളർന്ന മാവ് ഗാന്ധിമാവ് എന്ന പേരിൽ ഇന്നും ദീപ്തസ്മൃതിയുടെ മധുരം പൊഴിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayUliyathu kadavuSecond Bardoli
News Summary - India @ 75; Second Bardoli
Next Story