‘ഇൻഡ്യ’യിൽ നിന്നകന്ന് ഇടത്; പ്രകോപനം വേണുഗോപാലിന്‍റെ സ്ഥാനാർഥിത്വം
text_fieldsതിരുവനന്തപുരം: ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിൽനിന്ന് ഇടതുനേതാക്കൾ വിട്ടുനിന്നത് കേരളഘടകത്തിന്‍റെ സമ്മർദത്തെ തുടർന്ന്. കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടികയിൽ കെ.സി. വേണുഗോപാലിന്‍റെ സാന്നിധ്യമാണ് പ്രകോപനം.
എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി സി.പി.എമ്മിന്‍റെ കേരളത്തിലെ ഏക സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ അങ്കം കുറിച്ചത് ശരിയായില്ലെന്നാണ് ഇടത് നേതാക്കൾ പറയുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ സി.പി.ഐ നേരത്തേ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പിക്കെതിരെ പോരാടുന്ന മുന്നണിയുടെ നേതാവ് അവരുടെ തട്ടകത്തിൽ പോയി നേരിടുകയാണ് വേണ്ടതെന്നാണ് വാദം.
അപ്പോഴും കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് എന്ന നിലയിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നെന്ന വിശദീകരണം ഒരുപരിധിവരെ അവർക്ക് സ്വീകാര്യമായിരുന്നു. എന്നാൽ, രാജ്യസഭയിൽ രണ്ടുവർഷം കാലാവധിയുള്ള വേണുഗോപാൽ ആലപ്പുഴയിൽ സ്ഥാനാർഥിയായതിനോട് പൊരുത്തപ്പെടാൻ അവർ തയാറല്ല.
ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കണമെന്ന സന്ദേശം ഇടതു സംസ്ഥാന ഘടകം ദേശീയ നേതാക്കൾക്ക് നൽകി. തുടർന്നാണ് മുംബൈയിൽ ഞായറാഴ്ച നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിൽനിന്ന് ഇരു പാർട്ടികളുടെയും നേതാക്കൾ വിട്ടുനിന്നത്. ആദ്യം മുതൽ ഇൻഡ്യ മുന്നണിയുടെ യോഗങ്ങളിൽ സജീവമായിരുന്നത് സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയ ഇടതുനേതാക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.