കടൽകൊള്ളക്കാർ തട്ടിയെടുത്ത ഇറാൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യ
text_fieldsകൊച്ചി: സോമാലിയൻ തീരത്ത് കടൽകൊള്ളക്കാർ തട്ടിയെടുത്ത ഇറാൻ മത്സ്യബന്ധനക്കപ്പൽ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കൊള്ളക്കാർ തടവിലാക്കിയ കപ്പലിലെ 17 പേരെയും രക്ഷപ്പെടുത്തുകയും ചെയ്തു. ഇറാൻ പതാകയുള്ള ‘ഈമാൻ’ എന്ന കപ്പലാണ് തിങ്കളാഴ്ച മോചിപ്പിച്ചതെന്ന് നാവികസേന വക്താവും കമാൻഡറുമായ വിവേക് മധ്വാൾ അറിയിച്ചു. ഇറാൻ കപ്പലിൽനിന്ന് അപായ മുന്നറിയിപ്പ് ലഭിച്ചയുടൻ ഐ.എൻ.എസ് സുമിത്ര എന്ന പടക്കപ്പൽ വിന്യസിച്ചാണ് ഇന്ത്യ രക്ഷാദൗത്യം നടത്തിയത്.
സോമാലിയയുടെ കിഴക്കൻതീരത്ത് ഏദൻ കടലിടുക്കിൽ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഐ.എൻ.എസ് സുമിത്രയിലേക്ക് അപായസന്ദേശം എത്തിയത്. കടൽകൊള്ളക്കാർ ഇറാൻ കപ്പലിൽ ഇരച്ചു കയറി 17 പേരെയും ബന്ദികളാക്കുകയായിരുന്നുവെന്ന് സേനാവിഭാഗം അറിയിച്ചു. സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ സേന ഇടപെട്ട് ഇറാൻ കപ്പലിലുള്ളവരെയും കപ്പലും മോചിപ്പിക്കാൻ ആവശ്യപ്പെട്ടു.
ഇന്ത്യൻ കപ്പലിലെ ധ്രുവ് ഹെലികോപ്ടറിൽ ചെന്നാണ് ഇറാൻ കപ്പൽ മോചിപ്പിക്കണമെന്ന ആവശ്യം ആദ്യം നാവികസേന ഉന്നയിച്ചത്. എന്നാൽ, കടൽകൊള്ളക്കാർ ഇതിന് തയാറായില്ല. തുടർന്ന്, വിപുലമായ രക്ഷാദൗത്യം നടത്തുകയായിരുന്നു. എന്നാൽ, നാവികസേന നടത്തിയ രക്ഷാദൗത്യത്തിന്റെ കൃത്യം വിവരങ്ങൾ മധ്വാൾ വെളിപ്പെടുത്തിയില്ല. കടൽകൊള്ളക്കാർക്ക് എന്ത് സംഭവിച്ചുവെന്ന വിവരവും പുറത്തുവിട്ടില്ല. അതേസമയം, ഇറാൻ കപ്പൽ ഉടൻ യാത്ര പുറപ്പെട്ടതായി വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.