ഇന്ത്യ സൂപ്പർപവറാകും -ഉപരാഷ്ട്രപതി
text_fieldsകൊച്ചി: അടുത്ത ദശാബ്ദങ്ങളിൽ ആഗോള സൂപ്പർപവറായി ഇന്ത്യ മാറുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. അതിലേക്കുള്ള പ്രയാണത്തിലാണ് രാജ്യം. കൊച്ചിയിൽ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയിലെ (എൻ.പി.ഒ.എൽ) ടോവ്ഡ് അറേ ഇന്റഗ്രേഷൻ ഫെസിലിറ്റി ശിലാസ്ഥാപനം നടത്തിയശേഷം ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സുരക്ഷ ശക്തിപ്പെടുത്താൻ ബഹിരാകാശം, പ്രതിരോധം അടക്കമുള്ള മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കണം. തന്ത്രപ്രധാനം അടക്കം എല്ലാ മേഖലകളിലും സ്വയംപര്യാപ്തമാകണം. അതിനായി പ്രതിരോധമേഖലയിലടക്കം തദ്ദേശീയ ഉൽപന്നങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഗവേഷണ മേഖലകളിൽ ഊന്നൽ നൽകേണ്ടത് അനിവാര്യമാണ്. അതിനൊപ്പം ഗുണമേന്മ ഉറപ്പുവരുത്തി സാധ്യമായ ഇടങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കണം. പ്രതിരോധ സാമഗ്രികൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് എൻ.പി.ഒ.എൽ പോലുള്ള സ്ഥാപനങ്ങൾ നൽകുന്ന സംഭാവന അഭിനന്ദനാർഹമാണ്. എൻ.പി.ഒ.എൽ രാജ്യത്തിന്റെ നിരവധി പരീക്ഷണ പദ്ധതികളിലും സാങ്കേതികവിദ്യ രംഗത്തും നൽകുന്ന സംഭാവനകൾ ശ്രദ്ധേയമാണ്-അദ്ദേഹം കൂട്ടിച്ചേർത്തു.
ലബോറട്ടറിക്ക് മുന്നിൽ സ്ഥാപിച്ച ഡോ. എ.പി.ജെ. അബ്ദുൽകലാം സ്മാരകം ഉപരാഷ്ട്രപതി സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, നേവൽ സിസ്റ്റംസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ ജനറൽ ഡോ. സമീർ വി. കാമത്ത്, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി ഡയറക്ടർ എസ്. വിജയൻ പിള്ള, ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡ് ഇൻ ചീഫ് വൈസ് അഡ്മിറൽ എം.എ. ഹമ്പിഹോളി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.