അർജുനെ കണ്ടെത്താൻ സൈന്യം; ഇന്ന് ദൗത്യം തുടങ്ങും
text_fieldsകോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി ഒടുവിൽ സൈന്യമെത്തുന്നു. ഞായറാഴ്ച രാവിലെ മുതലുള്ള തിരച്ചിൽ സൈന്യം ഏറ്റെടുക്കുമെന്നാണ് വിവരം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എം.കെ. രാഘവൻ എം.പിയെ അറിയിച്ചതാണ് ഇക്കാര്യം. രക്ഷാദൗത്യത്തിൽ സൈന്യത്തെ ഇറക്കണമെന്ന് അർജുന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കുടുംബം പ്രധാനമന്ത്രിക്ക് ഇ മെയിൽ അയക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം ഇന്ന് തൽകാലം നിർത്തിവെച്ചിരിക്കുകയാണ്.
കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് അപകടം.
നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളികളാണ്. ദേശീയപാത 66ൽ ഉത്തര കന്നഡ കാർവാറിനടുത്ത് അങ്കോളയിലെ ഷിരൂർ വില്ലേജിൽ നടന്ന അപകടത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലിൽ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.