കേരളത്തിന് വീണ്ടും ക്രിക്കറ്റ് പൂരം
text_fieldsതിരുവനന്തപുരം: ഗ്രീൻഫീൽഡിന് മുകളിൽ കോവിഡ് മഹാമാരി തീർത്ത നിരാശയുടെ കാർമേഘങ്ങൾ മാഞ്ഞുതുടങ്ങുന്നു. രണ്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തെ പൂരപ്പറമ്പാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം എത്തും. ട്വൻറി20 ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബറിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിലെ മത്സരത്തിനാകും കാര്യവട്ടം സ്പോർട്സ് ഹബ് വേദിയാകുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് കെ.സി.എ അധികൃതർ അറിയിച്ചു. 2021ൽ ശ്രീലങ്കക്കെതിരെ നടക്കേണ്ടിയിരുന്ന ഏകദിനവും കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റിൻഡീസിനെതിരായ ട്വൻറി20യും കോവിഡിനെ തുടർന്ന് കേരളത്തിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ ഈ വർഷം ഒരു അന്താരാഷ്ട്ര മത്സരമെങ്കിലും നൽകണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻറി20 പരമ്പരയിലെ ഒരു മത്സരം ബി.സി.സി.ഐ നൽകിയെങ്കിലും ജൂണിലെ കാലവർഷം ചൂണ്ടിക്കാണിച്ച് നടത്തിപ്പിൽനിന്ന് കെ.സി.എ പിന്മാറി. തുടർന്നാണ് ആസ്ട്രേലിയൻ പര്യടനത്തിലെ ഒരു മത്സരം സെപ്റ്റംബർ അവസാനത്തോടെ സ്പോർട്സ് ഹബിൽ നടത്താൻ ധാരണയായത്.
2019 ഡിസംബർ എട്ടിനാണ് ഇന്ത്യൻ ടീം അവസാനമായി കേരളത്തിലെത്തിയത്. അന്ന് ഗ്രീൻഫീൽഡിൽ നടന്ന ട്വൻറി20യിൽ വെസ്റ്റിൻഡീസ് എട്ടുവിക്കറ്റിനാണ് ജയിച്ചത്. അതേസമയം, സ്റ്റേഡിയം പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളിൽ അനിശ്ചിതത്വം തുടരുകയാണ്. ഗ്രൗണ്ടിന് പുറമെ സ്റ്റേഡിയത്തിെൻറ പൂർണ പരിപാലന ചൂമതലകൂടി തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യമന്ത്രിയെയും കായിക മന്ത്രിയെയും സമീപിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്റ്റേഡിയം നിർമാതാക്കളായ ഐ.എൽ.ആൻഡ് എഫ്.എസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് പരിപാലന ചുമതലയിൽനിന്ന് പിന്മാറിയതോടെ കോടികൾ മുടക്കി നിർമിച്ച സ്റ്റേഡിയവും കളിക്കാരുടെ ഡ്രസിങ് റൂമും ഗാലറിയും ഒരു ഘട്ടത്തിൽ നാശത്തിെൻറ വക്കിലായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാറുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഗ്രൗണ്ടിെൻറ മാത്രം പുനർനിർമാണ പ്രവർത്തനങ്ങൾ കമ്പനിയിൽനിന്ന് കെ.സി.എ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.