ഭാരതീയ സംസ്‌കാരമാണ് പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ അടിത്തറ -ഗവർണർ
text_fieldsകാസർകോട്: ശരിയായ വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്‍റെ സംസ്‌കാരം പുനരുജ്ജീവിപ്പിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം ചർച്ച ചെയ്യുന്നതിന് കേന്ദ്രസര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘ജ്ഞാനോത്സവം 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ അടിത്തറയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം അറിവ് നേടലാണെന്നും വിനയമാണ് അറിവിന്‍റെ ഫലമെന്നും അദ്ദേഹം പറഞ്ഞു. അറിവ് നേടുമ്പോള്‍ അല്ല അത് മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ത്തിയാകൂ. വ്യത്യസ്ത ആശയങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണം. ഇത് വിദ്യാർഥികളുടെ ചിന്താ പ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നൂതന ആശയങ്ങളുമായി മുന്നോട്ടു വരാന്‍ കഴിവുള്ളവര്‍ക്കേ ലോകത്ത് പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള കേന്ദ്ര സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു.
എ.ഐ.സി.ടി.ഇ വൈസ് ചെയര്‍മാന്‍ ഡോ. അഭയ് ജെറെ, കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ, ദേശീയ പട്ടികജാതി പട്ടികവർഗ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിങ് സമിതി അംഗം എ. വിനോദ്, കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഡെപ്യൂട്ടി കമീഷണര്‍ എന്‍. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമിക് ഡീന്‍ അമൃത് ജി. കുമാര്‍ സ്വാഗതവും വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ എന്‍.സി. ഇന്ദുചൂഡന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.