ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഭയത്തിന്റെ ലോകത്ത് -ഡോ. സെബാസ്റ്റ്യൻ പോൾ
text_fieldsകൊച്ചി: സമകാലിക ഇന്ത്യയിൽ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഭയത്തിന്റെ ലോകത്താണെന്ന് മാധ്യമ നിരീക്ഷകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. ജനാധിപത്യത്തിന്റെ സുസ്ഥിര നിലനിൽപ്പിന് അനിവാര്യമായ മാധ്യമങ്ങൾ ഇന്ന് എവിടെ നിൽക്കുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. നിഷ്പക്ഷമായ, നിർഭയമായ നിലപാട് സ്വീകരിക്കാൻ അവർക്ക് കഴിയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ മേഖലയിൽ നിക്ഷിപ്ത താൽപര്യങ്ങളുള്ള കോർപറേറ്റ് ഭീമന്മാർക്ക് മാധ്യമ ലോകം അടക്കി ഭരിക്കാൻ കഴിയുന്നു എന്ന അവസ്ഥയാണിന്ന്. 80 ശതമാനം ജനങ്ങൾ ആശ്രയിക്കുന്ന 70 മാധ്യമങ്ങൾ അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലാണെന്നത് ഇന്ത്യൻ മാധ്യമരംഗം നേരിടുന്ന ഭീകര പ്രതിസന്ധിയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈയിൽനിന്ന് മടങ്ങിയ മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച ഗൾഫ്-ഇന്ത്യൻ മീഡിയ ഫോറം മീഡിയ മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സെബാസ്റ്റ്യൻ പോൾ.
നിരവധി മർഡോകുമാർ ഉയർന്ന് വരുന്നതിനാൽ ലോകത്താകെ മാധ്യമ പ്രവർത്തകർ സങ്കീർണ സാഹചര്യമാണ് നേരിടുന്നത്. മുമ്പ് ഗൾഫ് നാടുകളിൽ മാധ്യമ പ്രവർത്തനം നടത്തുന്നവർ അഭിപ്രായ സ്വാതന്ത്ര്യ പ്രതിസന്ധി അനുഭവിച്ചിരുന്നു. ഇന്ന് അതിനേക്കാൾ മോശം പ്രതിസന്ധിയാണ് ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ നേരിടുന്നത്. ഗൾഫിലെ പ്രവാസികൾക്ക് ആശ്രയവും ആശ്വാസവുമായി മലയാള മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തകനും ദുബൈ ഇന്ത്യൻ മീഡിയ ഫോറം പ്രഥമ സെക്രട്ടറിയുമായ അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ, മാധ്യമ പ്രവർത്തകരായ പി.പി. മാത്യു, സർജി ആൻറണി, ഷാർലി ബഞ്ചമിൻ, ആൽബർട്ട് അലക്സ്, ഫൈസൽ ബിൻ അഹമ്മദ്, ഇ. സതീഷ്, കെ.എ. ജബ്ബാരി, ഇ.പി. ഷെഫീഖ്, കെ.സി. രഹ്ന, സുനി അൽഹാദി, അനിൽ ഈശ്വർ, ജോഫി പുളിക്കൻ എന്നിവർ സംസാരിച്ചു. പി.വി. വിവേകാനന്ദ്, വി.എം. സതീഷ്, മോഹൻ വടയാർ എന്നിവരുടെ അനുസ്മരണം നാസർ ബേപ്പൂർ നിർവഹിച്ചു. ബിജു ആബേൽ ജേക്കബ് സ്വാഗതവും എം.കെ.എം ജാഫർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.