ജനമഹാസഭയുടെ ഉണർവിൽ കോൺഗ്രസ്
text_fieldsതൃശൂർ: നരേന്ദ്ര മോദിയെത്തി പതിനായിരക്കണക്കിന് സ്ത്രീകളെ അഭിവാദ്യം ചെയ്ത മഹിളസംഗമം നടത്തിയ അതേയിടത്ത്, മുന്നൊരുക്കങ്ങൾക്ക് കാര്യമായി സമയമൊന്നും കിട്ടാതെയിരിക്കെ നടന്ന ‘ജനമഹാസഭ’യുടെ വിജയത്തിന്റെ ഉണർവിലാണ് കോൺഗ്രസ്. കെ.പി.സി.സി നേരിട്ടായിരുന്നു പരിപാടിയുടെ സംഘാടനം. അതുകൊണ്ടുതന്നെ ജില്ലയിലെ നേതൃത്വവും പ്രവർത്തകരും കാര്യമായി സജീവമായിരുന്നില്ല. ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന് വടക്കാഞ്ചേരിയിൽ ഓഫിസിൽ നേതാക്കളുടെ തമ്മിൽത്തല്ലും കൊടുങ്ങല്ലൂരിൽ ചേരി തിരിഞ്ഞ ദിനാചരണവുമടക്കമുണ്ടായിട്ടും ഇടപെടാതെ അലസതയിലായിരുന്നു നേതൃത്വം. എൻ.ഡി.എയുടെ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഈ മാസം അവസാനമാണ് ജില്ലയിലെത്തുന്നതെന്നിരിക്കെ ആഴ്ചകൾക്ക് മുമ്പേ വ്യാപകമായി ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞിട്ടും ജനമഹാസഭയുടെ തലേ ദിവസമാണ് തൃശൂർ നഗരത്തിൽ പേരിന് മാത്രമുള്ള ബോർഡുകളും പോസ്റ്ററുകളും വന്നത്.
ബൂത്ത്തലത്തിലോ പഞ്ചായത്ത് തലങ്ങളിലോ കാര്യമായ പ്രചാരണ പരിപാടികളും നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ കടുത്ത ആശങ്കയിലായിരുന്നു നേതൃത്വം. എന്നാൽ മോദി വന്ന് പ്രചാരണത്തിന് തുടക്കമിട്ട മണ്ണിൽ നേതൃത്വത്തെ പോലും ഞെട്ടിച്ചായിരുന്നു പ്രവർത്തകരെത്തിയത്. ബൂത്ത് ഭാരവാഹികൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുന്നതടക്കമുള്ളവ താഴെത്തട്ടിലുള്ള പ്രവർത്തകരെ ചലിപ്പിക്കുന്നതായി. പലയിടത്ത് നിന്നും പ്രവർത്തകർ സ്വയമേവ വാഹനമേർപ്പെടുത്തി എത്തുകയായിരുന്നു. പ്രതിസന്ധി കാലത്ത് തേക്കിൻകാട് നിറഞ്ഞൊഴുകിയ മഹാസമ്മേളനം നടത്താൻ കഴിഞ്ഞത് നേതൃത്വത്തിനും പ്രവർത്തകർക്കും നൽകുന്ന പ്രതീക്ഷ ചെറുതല്ല. ശക്തമായ ത്രികോണ മത്സരമുണ്ടാവുമെന്നും ബി.ജെ.പി വിജയിക്കുമെന്നുമുള്ള പ്രചാരണം ശക്തമായിരിക്കെ കടുത്ത നിരാശയിലായിരുന്നു പ്രവർത്തകർ. എന്നാൽ, നിരാശയെ അസ്ഥാനത്താക്കി ദേശീയ അധ്യക്ഷൻ ഖാർഗെയെത്തിയുള്ള ജനമഹാസഭയുടെ ആവേശം പ്രവർത്തകരിലുമെത്തി. തിരഞ്ഞെടുപ്പിലേക്ക് മാസങ്ങൾ മാത്രമിരിക്കെ പ്രവർത്തകരെ സജീവമാക്കാൻ കഴിഞ്ഞുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ ആവേശത്തെ തണുക്കാതെ കൊണ്ടുപോകാനാണ് ശ്രമം. അതേസമയം, സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാറിനെയും വിമര്‍ശിക്കാതെയുള്ള മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗം ബി.ജെ.പി കേന്ദ്രങ്ങൾ ചർച്ചയാക്കിയിട്ടുണ്ട്. ഇൻഡ്യ സഖ്യം കേരളത്തിലില്ലെന്നും എതിരാളി ഇടതുപക്ഷമാണെന്നും കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വ്യക്തമാക്കിയിരുന്നു.
എന്നാൽ, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുസമ്മേളനത്തിൽ പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്ന പരിപാടിയിൽ സി.പി.എമ്മിനും പിണറായി സര്‍ക്കാറിനെതിരെയും പരാമർശിക്കാതിരുന്നത് ധാരണയാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.