ഇന്ത്യൻ ജനത ഫലസ്തീനെ പിന്തുണക്കണം -ഫലസ്തീൻ അംബാസഡർ
text_fieldsമലപ്പുറം: ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കും ഉപരോധത്തിനുമെതിരെ ഇന്ത്യൻ ജനത ഫലസ്തീനെ പിന്തുണക്കണമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹൈജ. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 വർഷത്തോളമായി സ്വന്തം മണ്ണിൽ അധിനിവേശം നടത്തുന്ന ഇസ്രായേലിന്റെ ക്രൂരത അനുഭവിക്കുകയാണ് ഫലസ്തീൻ ജനത. 16 വർഷമായി തുല്യതയില്ലാത്ത ഉപരോധമാണ് ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്നത്. 70 ശതമാനവും ദരിദ്രരാണ് ഗസ്സയിൽ.
അമേരിക്കയുടെ ശക്തമായ ആയുധങ്ങളുപയോഗിച്ച് അവരുടെ വീടുകളും കെട്ടിടങ്ങളും തകർത്തുകൊണ്ടിരിക്കുകയാണ് ഇസ്രായേൽ. ഇപ്പോൾ നടക്കുന്ന ആക്രമണത്തിൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 1200 പേരെയാണ് കൊന്നൊടുക്കിയത്. 5600 പേർക്ക് പരിക്കേറ്റു. വൈദ്യുതിയും വെള്ളവും ഭക്ഷണവും നിഷേധിക്കുന്നത് കൂടാതെ ഇസ്രായേലിന്റെ പ്രതിരോധമന്ത്രി മനുഷ്യമൃഗങ്ങളെന്ന് ഗസ്സക്കാരെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. ജനാധിപത്യം ഉദ്ഘോഷിക്കുന്ന ഇസ്രായേലിന്റെ ഒരുമന്ത്രിക്ക് എങ്ങനെയാണ് ഗസ്സയിലെ മനുഷ്യരെ മനുഷ്യമൃഗങ്ങളെന്ന് വിളിക്കാനാവുക. ഒരു ഫാഷിസ്റ്റ് സർക്കാറിന്റെ മന്ത്രിക്കല്ലാതെ ആ വാക്ക് ഉപയോഗിക്കാൻ പറ്റുമോ? ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായത് മുതൽ ഫലസ്തീൻ ജനത കൊല, ആക്രമണം, ആട്ടിയോടിക്കൽ എന്നിവ നേരിടുകയാണ്. 800ലധികം രാഷ്ട്രാന്തരീയ പ്രമേയങ്ങളാണ് ഫലസ്തീൻ ജനതക്ക് വേണ്ടിയുണ്ടായത്. ഒന്നുപോലും നടപ്പാക്കാൻ ഇസ്രായേൽ തയാറായില്ല. വർഷങ്ങളായി അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ഫലസ്തീനികൾക്ക് സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള പ്രമേയങ്ങളാണവ.
തലസ്ഥാനം വിശുദ്ധ ഖുദ്സ് ആക്കണമെന്ന ഫലസ്തീനികളുടെ സ്വപ്നം അഗീകരിക്കുന്ന പ്രമേയങ്ങളാണവ. ഈ പ്രമേയങ്ങൾ നടപ്പാക്കാൻ രാഷ്ട്രാന്തരീയ സമൂഹം ഇസ്രായേലിന്റെ മേൽ സമ്മർദം ചെലുത്താതിരിക്കുന്നത് ഇരട്ടത്താപ്പാണ്. ഫലസ്തീൻ ജനതക്ക് ഒരു ആവശ്യമേയുള്ളൂ. അവരുടെ രാജ്യം വിട്ടുകിട്ടണം. ഖുദ്സിനെ മോചിപ്പിക്കണം. അതിനുവേണ്ടി ഒരുദിവസം പോലും വിശ്രമിക്കാതെ പോരാടുകയാണ് ഫലസ്തീൻ ജനത. അവരെ പിന്തുണക്കുന്ന ഇന്ത്യൻ ജനതക്ക് നന്ദിയുണ്ടെന്നും അദ്നാൻ അബു അൽ ഹൈജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.