ബന്ധുക്കൾ കാത്തിരുന്നു; എത്തിയത് വൈദികെൻറ മരണവാർത്ത
text_fieldsകുട്ടനാട്: 48 മണിക്കൂറത്തെ കാത്തിരിപ്പിനുശേഷം വൈദികെൻറ മരണവാർത്ത എത്തിയപ്പോൾ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ വീട്ടിൽ ദുഃഖം അണപൊട്ടി. വ്യാഴാഴ്ചയാണ് ഫാ. മാർട്ടിനെ താമസസ്ഥലത്തുനിന്ന് കാണാതായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എഡിൻബറോ രൂപതയിലെ ക്രിസ്റ്റോർഫിൻ ഇടവകയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്ന വൈദികനെപ്പറ്റി ബുധനാഴ്ച മുതലാണ് വിവരമൊന്നുമില്ലാതായത്.
പിഎച്ച്.ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികനെ ദിവ്യബലിയർപ്പിക്കാൻ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈദികൻ താനുമായി ഫോണിൽ സംസാരിച്ചിരുന്നതായി സഹോദരനും ആലപ്പുഴ ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ബോർഡ് അംഗവുമായ തങ്കച്ചൻ വാഴച്ചിറ പറഞ്ഞു. ഇതിനുശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈദികൻ സഹോദരിമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. തനിക്ക് പനിയാണെന്നാണ് പറഞ്ഞിരുന്നത്. തങ്കച്ചൻ ബുധനാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടോടെ തിരികെ വിളിച്ചെങ്കിലും കോടതിക്കുള്ളിലായിരുന്നതിനാൽ ഫോണെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് അങ്ങോട്ട് വിളിച്ചപ്പോൾ ആദ്യം ഫോൺ ബെല്ലടിച്ചെങ്കിലും മറുപടിയുണ്ടായില്ല. അൽപസമയം കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ സ്വിച്ച്ഒാഫാണെന്ന സന്ദേശമാണ് ലഭിച്ചത്.
വ്യാഴാഴ്ച വൈകീട്ട് പുളിങ്കുന്ന് സി.എം.ഐ ആശ്രമത്തിലെ പ്രിയോറച്ചൻ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിച്ചു. സ്കോട്ട്ലൻഡിൽനിന്ന് ബിഷപ് സി.എം.ഐ പ്രൊവിൻഷ്യലെയും തുടർന്ന് പുളിങ്കുന്ന് ആശ്രമ അധികാരികളെയും വിവരം അറിയിക്കുകയായിരുന്നു. വൈദികൻ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. പാസ്‌പോർട്ടും ലാപ്ടോപ്പും മുറിയിൽ തന്നെയുണ്ടായിരുന്നു. ഫോറൻസിക് വിദഗ്ധരെത്തി മുറി പരിശോധിച്ചു. 2013 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ചശേഷം ചെത്തിപ്പുഴ പള്ളിയിൽ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്കോട്ട്ലൻഡിലേക്ക് പോയത്. അടുത്തമാസം നാട്ടിലേക്ക് വരുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച വിളിച്ചപ്പോൾ പള്ളിയുടെ പണികൾ തീരാനുണ്ടെന്നും ഡിസംബറിലേ വരൂവെന്നും അറിയിച്ചിരുന്നതായി സഹോദരൻ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.