കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ; റെയിൽവേ പുതുക്കിയ ടൈംടേബിൾ പ്രഖ്യാപിച്ചു
text_fieldsചെന്നൈ: കേരളത്തിനു ഹംസഫർ എക്സ്പ്രസും അന്ത്യോദയ എകസ്പ്രസും ഉറപ്പാക്കി റെയിൽവേ പുതുക്കിയ ടൈംടേബിൾ പ്രഖ്യാപിച്ചു. ടൈംടേബിൾ നവംബർ ഒന്ന് മുതൽ നിലവിൽ വരും. ഗാന്ധിധാം-തിരുനെൽവേലി റൂട്ടിലാണ് പൂർണമായും ത്രി ടയർ എസിയായ ഹംസഫർ എക്സ്പ്രസ് സർവീസ് നടത്തുക. തിങ്കളാഴ്ചകളിൽ ഉച്ചക്ക് 1.50നു ഗാന്ധിധാമിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച 11:30ന് തിരുനെൽവേലിയിൽഎത്തും. വ്യാഴാഴ്ച രാവിലെ 7.45നു തിരുനെൽവേലയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 4.40ന് ഗാന്ധിധാമിൽ എത്തും. എന്നാൽ സർവീസ് തുടങ്ങുന്ന തിയതി തീരുമാനിച്ചിട്ടില്ല.
പൂർണമായും അൺറിസർവഡ് ആയ അന്ത്യോഗയ എക്സ്പ്രസ് മംഗളൂരു–കൊച്ചുവേളി റൂട്ടിൽ ആഴ്ചയിൽ രണ്ടു ദിവസം. വെള്ളി, ഞായർ ദിവസങ്ങളിൽ മംഗളൂരുവിൽനിന്നും വ്യാഴം, ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നും പുറപ്പെടും. വൈകിട്ട് എട്ടിനു മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.15 നു കൊച്ചുവേളിയിലും രാത്രി 9.25 നു കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 9.15 നു മംഗളൂരുവിലും എത്തും. 18 കോച്ചുകളുള്ള ട്രെയിനിനു കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും.
നിരവധി ട്രെയിനുകൾ നീട്ടാനും തീരുമാനമായിട്ടുണ്ട്. ചെന്നൈ സെൻട്രൽ–പഴനി സൂപ്പർ ഫാസ്റ്റ് ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് നീട്ടും. ദിവസവും പഴനി–പാലക്കാട് റൂട്ടിൽ എക്സ്പ്രസ് ട്രെയിനാകും. രാത്രി 9.40 നു ചെന്നൈയിൽനിന്നു പുറപ്പെട്ടു രാവിലെ 11 നു പാലക്കാട്ടും വൈകിട്ടു മൂന്നിനു തിരിച്ചു രാവിലെ 4.15 നു ചെന്നൈയിലും എത്തും. പഴനി–പാലക്കാട് റൂട്ടിൽ ഉദുമൽപേട്ട, പൊള്ളാച്ചി, കൊല്ലങ്കോടു സ്റ്റോപ്പുകൾ. 31 നു ട്രെയിൻ ഓടിത്തുടങ്ങും.
തിരുവനന്തപുരം–പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടും. 10.30 നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 7.50 നു പാലക്കാട്ടും 1.10 നു മധുരയിലും എത്തും. 3.45 നു മധുരയിൽനിന്നു പുറപ്പെട്ട് 9.20 നു പാലക്കാട്ടും പിറ്റേന്നു രാവിലെ 6.25 നു തിരുവനന്തപുരത്ത് എത്തും. പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ മാത്രം സ്റ്റോപ്പുകൾ.
ചെന്നൈ എഗ്‌മോർ–തിരുവനന്തപുരം അനന്തപുര എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടും. ദിവസവും 7.50 നു എഗ്‌മോറിൽ നിന്നു പുറപ്പെട്ട് 11.45 നു തിരുവനന്തപുരത്തും ഒരു മണിക്കു കൊല്ലത്തും എത്തും. തിരിച്ച് മൂന്നിനു പുറപ്പെട്ട് 4.10 നു തിരുവനന്തപുരത്തും പിറ്റേന്ന് എട്ടിനു എഗ്‌മോറിലും എത്തും. വർക്കല മാത്രം സ്റ്റോപ്പ്. കണ്ണൂർ–ആലപ്പുഴ എക്സ്ക്യൂട്ടീവ് എക്സ്പ്രസ് ദിവസവും ആലപ്പുഴ വരെ. നിലവിൽ ശനി, വ്യാഴം ദിവസങ്ങളിൽ എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്നു.
വേഗം കൂട്ടുന്ന ട്രെയിനുകൾ (ബ്രായ്ക്കറ്റിൽ സമയലാഭം മിനിറ്റിൽ)
പരശുറാം എക്സ്പ്രസ് (25), ഏറനാട് (15), അനന്തപുരി എക്സ്പ്രസ് (20). കായംകുളം–എറണാകുളം (10), എറണാകുളം–ഗുരുവായൂർ (10), എറണാകുളം–പാലക്കാട് (20), ചെന്നൈ–ആലപ്പി 10 മിനിറ്റ് വൈകി മാത്രമേ ചെന്നൈയിൽനിന്നു പുറപ്പെടൂ (രാത്രി 8.55). ആലപ്പുഴയിൽ എത്തുന്ന സമയത്തിൽ മാറ്റമില്ല.
50 ട്രെയിനുകളുടെ യാത്രസമയം കുറയും
ചെന്നൈ: ദക്ഷിണ റെയിൽവേയുടെ പരിധിയിലൂടെ കടന്ന് പോകുന്ന അമ്പത് വണ്ടികളുടെ യാത്രസമയം പത്ത് മിനിറ്റ് മുതൽ നാല് മണിക്കൂർ വരെ കുറയും. 1.40 മണിക്കൂർ മുതൽ അഞ്ച് മിനിറ്റുവരെ വേഗത കൂട്ടിയാണ് യാത്രസമയം ലാഭിക്കുന്നത്. ചെന്നൈ എഗ്മൂർ- -മംഗലാപുരം എക്സ്പ്രസിെൻറ (16859) യാത്ര സമയം 60 മിനിറ്റ് കുറയും. രാത്രി 10.15ന് പുറപ്പെട്ടിരുന്ന വണ്ടി ഇനി 11.15ന് പുറപ്പെടും. മംഗലാപുരത്ത് പിറ്റേന്ന് രാത്രി 9.45-ന് എത്തും. എന്നാൽ എത്തുന്ന സമയത്തിൽ മാറ്റമില്ല. മംഗലാപുരത്ത് നിന്ന് 6.45-ന് പുറപ്പെട്ടിരുന്ന വണ്ടി ഇനി 6.55ന് യാത്ര തിരിക്കും.
എഗ്മൂറിൽ രാവിലെ 4.45ന് എത്തിയിരുന്ന വണ്ടി ഇനി 4.15ന് എത്തും. തിരുവനന്തപുരം -എഗ്മൂർ വണ്ടി(16724) യാത്ര സമയത്തിൽ 20 മിനിറ്റ് കുറയും. തിരുവനന്തപുരത്ത് നിന്ന് 4.10ന് പുറപ്പെട്ടിരുന്ന വണ്ടി ഇനി 4.15ന് തിരിക്കും. പിറ്റേന്ന് രാവിലെ 8.20ന് എത്തിയിരുന്ന വണ്ടി 8.05ന് എത്തും. മംഗലാപുരം-കച്ചേഗുഡ വണ്ടിയുടെ യാത്ര സമയം 35 മിനിറ്റ് കുറയും.
പുതുച്ചേരി-മംഗലാപുരം എക്സ്പ്രസിെൻറ(16857) യാത്രസമയം 75 മിനിറ്റ് കുറയും. പുതുച്ചേരിയിൽ നിന്ന് പുറപ്പെടുന്ന സമയം വൈകുന്നേരം 4.35 തന്നെയായിരിക്കും. മംഗലാപുരത്ത് 11.10-ന് എത്തിയിരുന്ന വണ്ടി ഇനി 9.55-ന് എത്തും. മംഗലാപുരം-പുതുച്ചേരി വണ്ടിയുടെ (16858) യാത്ര സമയം 15 മിനുട്ട് കുറയും. മംഗലാപുരത്ത് നിന്ന് വൈകുന്നേരം 4.50ന് പുറപ്പെടുന്ന വണ്ടി ഇനി മുതൽ 5.05ന് പുറപ്പെടും. പുതുച്ചേരിയിൽ എത്തുന്ന സമയത്തിൽ മാറ്റമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.