ട്രാക്കിലോടാൻ മടിച്ച് റെയിൽവേ, കിതച്ച് യാത്രക്കാർ
text_fieldsകൊല്ലം: കോവിഡ് കാലം പിന്നിലുപേക്ഷിച്ച് നാട് മുന്നോട്ടോടുമ്പോഴും ഒത്തുചേർന്ന് ഓടാൻ മടിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാർ അനുദിനം ദുരിതത്തിന്‍റെ ട്രാക്കിലോടി കിതക്കുന്നതൊന്നും റെയിൽവേ അധികൃതർ കണ്ടമട്ടില്ല. അവരുടെ യാത്രാദുരിതത്തിന് അവസാനം കാണാൻ ചെറുസിഗ്നലെങ്കിലും കിട്ടുന്ന ലക്ഷണവും എങ്ങുമില്ല. കോവിഡിന്‍റെ പേരിൽ പിൻവലിച്ച പാസഞ്ചർ, മെമു സർവിസുകൾക്കായി യാത്രക്കാർ മുറവിളിയുയർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും പരിഹാരം പോയിട്ട് മറുപടി പോലും കിട്ടുന്നില്ലെന്ന പരാതിയാണ് യാത്രക്കാർക്ക് പങ്കുവെക്കാനുള്ളത്. യാത്രക്കാരെ കഴിവതും പിഴിഞ്ഞ് ലാഭം നേടാനുള്ള കുറുക്കുവഴിയാണ് റെയിൽവേ തേടുന്നത്. പാസഞ്ചറുകൾ മുഴുവൻ എക്സ്പ്രസുകളാക്കി ഓടിച്ച് ടിക്കറ്റ് ഇനത്തിൽ വലിയ ലാഭമാണ് റെയിൽവേ നേടുന്നത്. നിലവിലുള്ളതാകട്ടെ, പാസഞ്ചറിന്‍റെ കാലത്തുണ്ടായിരുന്ന ഭൂരിഭാഗം സ്റ്റേഷനുകളും വെട്ടിച്ചുരുക്കി, തോന്നിയ സമയത്ത് ഓടുന്ന ട്രെയിനുകൾ.
കൊല്ലത്തുനിന്ന് കോട്ടയം, ആലപ്പുഴ വഴിയുള്ള മെമു, കൊല്ലം -കന്യാകുമാരി മെമു എന്നിവയൊന്നും പുനരാരംഭിച്ചിട്ടില്ല. പാസഞ്ചറുകളിൽ കൊല്ലം-കോട്ടയം, കൊല്ലം -തിരുവനന്തപുരം, കൊല്ലം-പുനലൂർ, കൊച്ചുവേളി-നാഗർകോവിൽ, കോട്ടയം -എറണാകുളം, കായംകുളം-ആലപ്പുഴ-എറണാകുളം, കായംകുളം-കോട്ടയം-എറണാകുളം പാസഞ്ചറുകളും ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. നാഗർകോവിൽ-കോട്ടയം ഉൾപ്പെടെ പാസഞ്ചറായി മുമ്പ് ഓടിക്കൊണ്ടിരുന്ന വണ്ടികൾ എക്സ്പ്രസ് എന്ന പേരിലാണ് ഓടിക്കുന്നത്. അപ്പോഴും പഴയ പാസഞ്ചർ സർവിസ് പുനരാരംഭിക്കാൻ മാത്രം നടപടിയില്ല.
സമയം തെറ്റി സവാരി
പാസഞ്ചർ സർവിസ് കമീഷൻ ചെയർമാൻ കൊല്ലം സ്റ്റേഷൻ ഇളക്കിമറിച്ച സന്ദർശനം നടത്തിപ്പോയിട്ട് ആഴ്ച ഒന്നായി. എന്നാൽ, കഥ ഇപ്പോഴും പഴയതുതന്നെ. വൈകിയോടുന്ന ട്രെയിനുകൾക്കും മാറ്റമില്ല. യാത്രക്കാർക്ക് ഗുണകരമായ സർവിസും ലഭ്യമല്ല. രാവിലെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ ടിക്കറ്റെടുത്ത് കയറുന്നവരെ കളിയാക്കുന്ന പ്രവൃത്തിയാണ് റെയിൽവേ ചെയ്യുന്നത്. കൊല്ലം സ്റ്റേഷനിൽനിന്ന് തിരുവനന്തപുരത്തേക്കുള്ളതായാലും തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ളതായാലും കൃത്യസമയത്ത് ഓഫിസിലെത്താമെന്ന് കരുതി ആരും രാവിലെയുള്ള ട്രെയിനുകളിൽ കയറേണ്ട.
വൈകീട്ടാകട്ടെ, ജീവനക്കാരായ യാത്രക്കാർ എത്തുന്നതിനുമുമ്പ് സ്റ്റേഷൻ വിട്ടുപോകാനുള്ള 'ഓട്ടം' കൊഞ്ഞനംകുത്തൽ. രാവിലെ ഇന്‍റർസിറ്റി, വഞ്ചിനാട്, മലബാർ, ജയന്തി വണ്ടികൾ 10 കഴിയാതെ തിരുവനന്തപുരത്ത് എത്താറില്ല. ഓഫിസുകളിൽ പഞ്ചിങ് നിർബന്ധമാക്കിയ ജീവനക്കാർ ഈ ട്രെയിനുകൾ ഇറങ്ങി ഓടിക്കിതച്ച് എത്തുമ്പോഴേക്കും 10.30ഉം പതിനൊന്നുമൊക്കെയാകും. സർക്കാർ, സ്വകാര്യ മേഖലയിലെ ജോലിക്കാരെ രാവിലെ കൃത്യസമയത്ത് കൊല്ലത്ത് ജോലിക്കെത്തിക്കുമെന്ന പ്രതീക്ഷയിലെത്തിയ നാഗർകോവിൽ-കൊല്ലം എക്സ്പ്രസ് സർവിസ് യാത്രക്കാരെ അപഹസിക്കുന്ന നിലയിൽ മുന്നോട്ടോടുന്നത്.
മിക്കവാറും 11 അടുപ്പിച്ചാകും കൊല്ലം സ്റ്റേഷനിൽ ട്രെയിൻ എത്താൻ. വൈകീട്ടത്തെ നാഗർകോവിൽ -കോട്ടയം ട്രെയിനാകട്ടെ, ഓഫിസിൽനിന്ന് നേരത്തേ ഇറങ്ങി ഓടിയെത്തുന്നവർക്ക് പോലും കയറാനാകാതെയാണ് കൊല്ലം സ്റ്റേഷനിൽനിന്ന് അഞ്ചിനു മുമ്പ് എടുക്കുന്നത്. ഇത്തരത്തിൽ യാത്രക്കാരെ കുഴക്കുന്ന സമയംതെറ്റിക്കൽ സ്ഥിരമാക്കിയിരിക്കുകയാണ് റെയിൽവേ അധികൃതർ.
എന്നാൽ, തങ്ങളുടെ സമയക്രമത്തിൽ അവർ എപ്പോഴും 'ഓൺ ടൈം' ആയിരിക്കുകയും ചെയ്യും. നാഗർകോവിൽ-കൊല്ലം ഉൾപ്പെടെ സർവിസുകളുടെ ടൈംടേബ്ൾ പരിശോധിച്ചാൽ മനസ്സിലാകും. വെറും രണ്ട് കിലോമീറ്റർ പോലും വ്യത്യാസമില്ലാത്ത തൊട്ടുമുമ്പത്തെ സ്റ്റേഷനിൽനിന്ന് അവസാന സ്റ്റേഷനിലേക്കെത്താൻ അര-മുക്കാൽ മണിക്കൂർ വരെ വേണ്ടിവരുന്ന മാജിക് ടൈംടേബിളാണ് കാണാനാകുക. ഔദ്യോഗിക രേഖയിൽ ഈ സമയം ഉള്ളതിനാൽ എവിടെയൊക്കെ പിടിച്ചിട്ടാലും വണ്ടി സമയത്തിന് തന്നെ അവസാന സ്റ്റേഷനിലെത്തും. വണ്ടി ഓൺടൈം ആകുമ്പോഴും യാത്രക്കാർ സമയം വൈകിയ വെപ്രാളത്തിൽ ഓടുന്ന കാഴ്ചയാണ് രാവിലെ റെയിൽവേ സ്റ്റേഷനുകളിൽ.
പ്രധാനമന്ത്രിക്ക് യാത്രക്കാരുടെ 1000 ഇ-മെയിൽ
കൊല്ലം: പാസഞ്ചർ ട്രെയിനുകളും മെമു സർവിസുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1000 ഇ മെയിൽ നിവേദനങ്ങൾ അയക്കാനൊരുങ്ങി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി.
ട്രെയിൻ സർവിസുകൾ എല്ലാം കോവിഡിന് മുമ്പുള്ള നിലയിൽ പുനഃസ്ഥാപിക്കുക, സീസൺ യാത്രക്കാർക്ക് എല്ലാ എക്സ്പ്രസ് ട്രെയിനുകളിലും ഓർഡിനറി കോച്ചുകളിൽ യാത്ര അനുവദിക്കുക, മുതിർന്ന പൗരന്മാർക്കും അംഗ പരിമിതർക്കും യാത്രാ സൗജന്യങ്ങൾ തുടരുക എന്നീ ആവശ്യങ്ങളും ഉയർത്തിയാണ് കൂട്ട മെയിൽ അയക്കുന്നത്.
യോഗത്തിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ടി.പി. ദീപുലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, കൺവീനർ ജെ.ഗോപകുമാർ, കുരുവിള ജോസഫ്, സന്തോഷ് രാജേന്ദ്രൻ ,കാര്യറ നെസീർ ,ചിതറ അരുൺശങ്കർ എന്നിവർ സംസാരിച്ചു.
വലിയ ദുരിതമാണ് ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്നത്. പാസഞ്ചർ, മെമു സർവിസുകൾ പുനരാരംഭിക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നതാണ്. രാവിലെ ഓഫിസ് സമയത്തിനുമുമ്പ് ലക്ഷ്യസ്ഥാനത്ത് യാത്രക്കാരെ എത്തിക്കുന്ന രീതിയിൽ ട്രെയിൻ സമയം ക്രമീകരിക്കണം. സമാനമായി വൈകീട്ട് ഓഫിസ് സമയം കഴിഞ്ഞ് വരുന്നവർക്കുകൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ വേണം സർവിസുകൾ നടത്തേണ്ടത്.
ജെ. ലിയോൺസ്, സെക്രട്ടറി,ഫ്രണ്ട്സ് ഓൺ വീൽസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.