ഇന്ത്യൻ നാവികർ തടവിൽ തുടരുന്നു; മോചനം നീളുന്നതിൽ നൈജീരിയൻ രാഷ്ട്രീയവും കാരണം
text_fieldsകൊച്ചി: നൈജീരിയയില്‍ തടവിലായ ഇന്ത്യൻ നാവികരുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു. നാവികര്‍ ബോണി തുറമുഖത്ത് കപ്പലില്‍ത്തന്നെ തടവില്‍ തുടരുന്നതിന് പിന്നിൽ നൈജീരിയയിലെ രാഷ്ട്രീയ സ്ഥിതിഗതികളും കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചുവെച്ചിരിക്കുകയാണ്. വല്ലപ്പോഴും ഫോൺ ലഭിച്ചാൽതന്നെ അൽപനേരം വീട്ടിൽ വിളിച്ച് അവരുടെ സാന്നിധ്യത്തിൽ വീട്ടുകാരോട് ഇംഗ്ലീഷിൽ മാത്രം സംസാരിക്കാൻ അനുവദിക്കുമെന്ന് തടവിലുള്ള കൊച്ചി സ്വദേശി മിൽട്ടന്‍റെ ബന്ധുക്കൾ പറഞ്ഞു. 'ഹീറോയിക് ഇഡുന്‍' എന്ന കപ്പല്‍ നൈജീരിയന്‍ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്.
മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് കപ്പലില്‍. കൂടാതെ ശ്രീലങ്ക, ഹോളണ്ട്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള 10 പേരെക്കൂടി കപ്പലിൽ എത്തിച്ചു. അതേസമയം, ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളിലാണ് നൈജീരിയ ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്നാണ് കപ്പലിൽത്തന്നെ തടവിലാക്കിയത്. നൈജീരിയയിലെ അക്‌പോ ഓയില്‍ ഫീല്‍ഡില്‍നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചെന്നാണ് ആരോപണം. നിയമലംഘനവും ഇവർക്കെതിരെ ആരോപിച്ചിട്ടുണ്ട്.
പിടികൂടുന്നതിനുമുമ്പ് ഉപഗ്രഹവുമായുള്ള ബന്ധം കപ്പല്‍ വേര്‍പെടുത്തിയതിലും ദുരൂഹത നിലനില്‍ക്കുന്നു. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നാണ് നൈജീരിയയുടെ നിലപാട്. അതേസമയം, നൈജീരിയയിൽ ഫെബ്രുവരിയിൽ പൊതു തെരഞ്ഞെടുപ്പാണ്.
ക്രൂഡ് ഓയിൽ മറിച്ചുവിൽപനയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഭരണകക്ഷിക്ക് ഇത്തരമൊരു കടൽ നാടകം രാഷ്ട്രീയമായി പിടിച്ചുനിൽക്കാനുള്ള പിടിവള്ളിയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതുകൊണ്ടുതന്നെ നാവികരുടെ മോചനം നീണ്ടേക്കാം.
കോടതിയുടെ അടുത്ത സിറ്റിങ് ജനുവരിയിലുമാണ്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് ഇക്കാര്യങ്ങൾ തിരിച്ചടിയാകുമെന്നാണ് സൂചന. അതിനിടെ, നാവികരെ നിയമവിരുദ്ധമായി തടവിലാക്കിയെന്ന കപ്പല്‍ കമ്പനിയുടെ പരാതിയില്‍, നൈജീരിയയിലെ ഫെഡറല്‍ കോടതിയിലും കടല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണിലും കേസ് നിലവിലുണ്ട്. ഈ വിഷയത്തിലും തീര്‍പ്പ് വരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.