ഇന്ത്യന്‍ സൈന്യത്തിന് സഭയുടെ അഭിനന്ദനം
text_fieldsതിരുവനന്തപുരം: പാകിസ്താനില്‍നിന്നുള്ള ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസം കൈക്കൊണ്ട നടപടികള്‍ക്ക് സംസ്ഥാന നിയമസഭ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. നാടിനെയും ജനങ്ങളെയും സംരക്ഷിക്കാന്‍ കൈക്കൊണ്ട നടപടികള്‍ മുന്‍നിര്‍ത്തി സേനയെ സഭ അഭിനന്ദിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു.
ഇന്ത്യന്‍ സൈനികര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി ആമുഖ പ്രസംഗത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ സൈനികരെ അഭിനന്ദിച്ചതിനൊപ്പം സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കുംവിധം പ്രശ്നപരിഹാര ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഭീകരവാദത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ മറുപടി അഭിനന്ദനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതേവരെ ഇന്ത്യ പാലിച്ച ആത്മസംയമനത്തെ ബലഹീനതയായി കണ്ട പാകിസ്താന് ഉചിതമായ മറുപടിയാണ് സൈന്യം നല്‍കിയത്. സൈനിക നടപടിയുടെ ഉത്തരവാദിത്തം പാകിസ്താനാണ്. ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടാനുള്ള നടപടി ഇനിയെങ്കിലും പാകിസ്താന്‍ വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരെ അനുമോദിക്കുന്നതായി ഒ. രാജഗോപാലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.