തെരുവുനായ്ക്കൾക്ക് കടിഞ്ഞാൺ: സന്നദ്ധ സംഘടനയുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ
text_fieldsബേപ്പൂർ: തെരുവുനായ്ക്കളുടെ വംശവർധനയും പേവിഷ വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐ.വി.എ) സന്നദ്ധസംഘടന രൂപവത്കരിക്കുന്നു.
സംസ്ഥാന സർക്കാറിെൻറ സഹകരണത്തോടെ നടപ്പാക്കുന്ന എ.ബി.സി (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതി ഏറ്റെടുത്തു നടത്താനാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷമാണ് പദ്ധതിക്ക് രൂപംനൽകിയത്. നിലവിൽ ഏതാനും ജില്ലകളിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പ്രക്രിയ, മൃഗാശുപത്രികളിലും മറ്റും ഉണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കുന്നില്ല.
വിവിധ ജില്ലകളിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി ആയിരക്കണക്കിന് തെരുവുനായ്ക്കളാണ് അലഞ്ഞുതിരിയുന്നത്. അസോസിയേഷന് കീഴിൽ പരിശീലനം സിദ്ധിച്ച ഡോക്ടർമാരെയും പട്ടിപിടിത്തക്കാരെയും ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ രൂപവത്കരിക്കുന്ന ട്രസ്റ്റിന് കീഴിൽ മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും നടപ്പാക്കുക. തെരുവുനായ്ക്കളെ പിടിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയ ശേഷം, പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവിടുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കും വന്ധ്യംകരണം നടത്തിക്കൊടുക്കും. പദ്ധതിയുടെ വിജയത്തിനായി ഊട്ടിയിലെ വെറ്ററിനറി ആശുപത്രി പരിശീലന സ്ഥാപനത്തിൽനിന്ന് കോഴ്സ് പാസായവരുടെ സേവനവും പ്രയോജനപ്പെടുത്തും.
പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പദ്ധതിക്ക് തുടക്കം കുറിക്കും. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. സംസ്ഥാന വ്യാപകമായി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഏകദേശം ഒരുലക്ഷം തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം ഏഴായിരത്തോളം തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തിയിട്ടുണ്ട്.
തെരുവുനായ് ശല്യം തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിരം തലവേദനയായതിനാൽ, തങ്ങളുടെ പുതിയ സംരംഭത്തിന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. എം.കെ. പ്രദീപ് കുമാറും ജനറൽ സെക്രട്ടറി ഡോ. വി.കെ.പി. മോഹൻകുമാറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.