റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത്: മൂന്നു മലയാളികൾ പ്രതിപ്പട്ടികയിൽ
text_fieldsന്യൂഡൽഹി: റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 19 പേർ പ്രതിപ്പട്ടികയിൽ. തിരുവനന്തപുരം പുതുകുറിച്ചി തെരുവിൽ തൈവിളാകം സ്വദേശികളായ റോബോ, ജോബ്, തിരുവനന്തപുരം തുമ്പ സ്വദേശി ടോമി എന്നിവരാണ് മലയാളികൾ.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ തിരുവനന്തപുരം, ചെന്നൈ, ഡൽഹി, മുംബൈ, ചണ്ഡിഗഢ്, അംബാല, മധുര ഉൾപ്പെടെ 13 ഇടങ്ങളിൽ സി.ബി.ഐ കഴിഞ്ഞദിവസം റെയ്ഡ് നടത്തുകയും 50 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.
റഷ്യൻ ആർമി, സെക്യൂരിറ്റി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്ക് ഉയർന്ന ശമ്പളം വാഗ്ദാനംചെയ്ത് വൻ തുക ഈടാക്കിയാണ് ഇന്ത്യൻ പൗരന്മാരെ റഷ്യയിലേക്ക് കടത്തിയതെന്ന് സി.ബി.ഐ പറയുന്നു. സ്വകാര്യ സർവകലാശാലകളിൽ ഫീസിളവ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും കടത്തി. ഇത്തരത്തിൽ റഷ്യയിലെത്തിയ ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾ അവിടെയുള്ള ഏജൻറുമാർ പിടിച്ചെടുക്കുകയും യുദ്ധപരിശീലനം നൽകി അവരെ സായുധ സേനയിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
റഷ്യൻ സൈന്യത്തിൽ ജോലി വാഗ്ദാനംചെയ്തുള്ള ഏജന്റുമാരുടെ കെണിയിൽ വീഴരുതെന്നും നിലവിൽ യുദ്ധമുഖത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണെന്നും റഷ്യൻ സർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.