ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പൽ ഐ.എ.സി 'വിക്രാന്ത്' നാവിക സേനക്ക് കൈമാറി
text_fieldsകൊച്ചി: കൊച്ചി കപ്പൽശാല തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പൽ (ഇൻഡിജനസ് എയർക്രാഫ്റ്റ് കാരിയർ -ഐ.എ.സി) 'വിക്രാന്ത്' നാവികസേനക്ക് കൈമാറി.
കടൽ പരീക്ഷണങ്ങളും മറ്റ് സുരക്ഷ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് കൈമാറിയത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പലാണിത്.
2007ലാണ് കൊച്ചി കപ്പൽശാലയുമായി പ്രതിരോധ വകുപ്പ് ഇതിനായി കരാറിൽ ഏർപ്പെടുന്നത്. മൂന്ന് ഘട്ട കരാറിലൂടെയാണ് നിർമാണം പൂർത്തിയാക്കിയത്. 2009 ൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. 2021 ആഗസ്റ്റിൽ നിർമാണം പൂർത്തിയായ ശേഷം സമുദ്ര പരീക്ഷണ യാത്രകൾ നടത്തി. ഈ മാസമാണ് സുരക്ഷ പരിശോധനകളും പരീക്ഷണങ്ങളും അവസാനിച്ചത്. കമീഷൻ ചെയ്തശേഷം കപ്പൽ ഐ.എൻ.എസ് വിക്രാന്ത് എന്ന് അറിയപ്പെടും. 262 മീറ്റർ നീളമുള്ള വിക്രാന്തിന് പരമാവധി 28 നോട്ട് വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ് രൂപകൽപന. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ അതിജീവിച്ചാണ് കൊച്ചി കപ്പൽശാല ഈ അഭിമാനകരമായ പദ്ധതി പൂർത്തീകരിച്ചത്.
സേനക്ക് കപ്പൽ കൈമാറുന്ന ചടങ്ങിൽ കപ്പൽശാല ചെയർമാൻ മധു എസ്. നായർ, നാവിക സേനക്ക് വേണ്ടി ഐ.എ.സി വിക്രാന്ത് കമാൻഡർ വിദ്യധർ ഹർക്കെ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.