ജലഗതാഗതത്തിന് പുതുചരിത്രം; സൗരോർജ ബോട്ട് 'ആദിത്യ' യാത്രക്കൊരുങ്ങി
text_fieldsആലപ്പുഴ: കൈതപ്പുഴ കായലിലെ ഓളപരപ്പിലൂടെ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ ബോട്ട് കുതിച്ചുപാഞ്ഞു. ജല ഗതാഗത രംഗത്തു പുതിയ കാൽവെപ്പിനു തുടക്കമിട്ട സംസ്ഥാനമെന്ന ഖ്യാതി ഇനി കേരളത്തിന്. രാജ്യത്തെ ആദ്യ സോളർ ബോട്ട് 'ആദിത്യ'യുടെ ട്രയൽ റണ്ണിനു നേതൃത്വം നൽകാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടെത്തി. ജല ഗതാഗത വകുപ്പിനു വേണ്ടി നിർമിച്ച ഈ സൗരോർജ ബോട്ട് തവണക്കടവ്-വൈക്കം റൂട്ടിൽ ഈ മാസം മുതൽ ഓടിത്തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടകൻ.
ജലയാത്ര പരിസ്ഥിതി സൗഹാർദ്ദമാക്കാം
അരൂരിലെ നിർമാണ യൂണിറ്റിൽ നിന്നായിരുന്നു ബോട്ടിന്‍റെ കന്നിയാത്ര. 75 യാത്രികരെ വഹിക്കാൻ ശേഷിയുള്ള ബോട്ടിന് നാല് ബസിന്‍റെ വലിപ്പം വരും. ഫൈബർ ഗ്ലാസ്സ് ഉപയോഗിച്ചാണ് നിർമ്മിതി. ഏഴ് മീറ്റർ വീതിയും ഇരുപത് മീറ്റർ നീളവുമുണ്ട്. മേൽക്കൂരയിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിരിക്കുന്നു. 7.5 നോട്ടിക്കൽ ആണ് വേഗത. മലയാളിയായ സന്തിത് തണ്ടാശേരിയാണ് നിർമാതാവ്. ഇൻഡോ ഫ്രഞ്ച് സംരംഭമായ നവാൾട്ടിന്‍റെ മാനേജിങ് ഡയറക്ടറായ സന്തിത് മികച്ച ഷിപ്പ് ഡിസൈനറാണ്. ആറു മണിക്കൂർ തുടർച്ചയായി സഞ്ചരിക്കാൻ ആദിത്യക്ക് കഴിയും. കൂടുതൽ ശക്തമായ ബാറ്ററി ഉപയോഗിച്ചാൽ ദീർഘദൂര യാത്രകൾക്കും പ്രയോജനപ്പെടുത്താം. അന്തരീക്ഷ, ജല, ശബ്ദ മലിനീകരണമില്ല, യാത്രയിൽ വൈബ്രേഷൻ അനുഭവപ്പെടില്ലെന്നും സന്തിത് പറഞ്ഞു. ബോട്ടു നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷമെടുത്തു.
ലാഭകരമായാൽ മുഴുവൻ ബോട്ടും സോളർ
മലിനീകരണമുണ്ടാക്കുന്ന ഡീസൽ എഞ്ചിനുകളിൽ നിന്നു പരിസ്ഥിതി സൗഹാർദ്ദവുമായ സോളർ യാത്രാ ബോട്ടുകളിലേക്കുള്ള തുടക്കമാണിതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അടുത്ത ഘട്ടത്തിൽ അൻപതോളം സൗരോർജ യാത്രാ ബോട്ടുകൾ ഇറക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. സൗരോർജ ബോട്ട് സർവീസ് ലാഭകരമായാൽ സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ മുഴുവൻ സർവീസുകളും സൗരോർജ ബോട്ടുകളാക്കുമെന്നു മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.