രാജ്യത്തെ ആദ്യ മത്സ്യ ബ്രൂഡ്ബാങ്കിന് കേരളത്തിൽ തുടക്കം
text_fieldsബേപ്പൂർ: രാജ്യത്തെ ആദ്യ കൃത്രിമ മത്സ്യപ്രജനന, വിത്തുൽപാദനകേന്ദ്രം കേരളത്തിൽ (ബ്രൂഡ് ബാങ്ക്) പ്രവർത്തനം തുടങ്ങി. വിഴിഞ്ഞത്താണ് കടലിെൻറ ആവാസവ്യവസ്ഥ കൃത്രിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
കടലിലെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം കാരണം മത്സ്യ ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കുക, മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും വരുമാന വർധനക്ക് വഴിയൊരുക്കുക, രുചികരമായ മത്സ്യ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ നാഷനൽ ഫിഷറീസ് ഡെവല്പമെൻറ് ബോർഡിെൻറ സാമ്പത്തിക സഹായത്തോടയാണ് സി.എം.എഫ്.ആർ.ഐ ബ്രൂഡ് ബാങ്കുകൾ തയാറാക്കിയത്.
വിഴിഞ്ഞം സമുദ്ര മത്സ്യഗവേഷണ കേന്ദ്രം മേധാവിയും പ്രിൻസിപ്പൽ സയൻറിസ്റ്റുമായ ഡോ. എം.കെ. അനിൽ ശാസ്ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി, ഡോ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 5.64 കോടി രൂപ ചെലവഴിച്ചാണ് ബ്രൂഡ് ബാങ്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. 200 ഓളം ബ്രൂഡ്മീനുകളെയാണ് ഇവിടെ വളർത്തുന്നത്. ഈ മീനുകളിൽ ഹോർമോൺ കുത്തിവെച്ച് കൃത്രിമ പ്രജനനം നടത്തി മുട്ട ഉൽപാദിപ്പിക്കും. ഇങ്ങനെ അഞ്ച് കോടി മീൻ മുട്ട ഉൽപാദിപ്പിക്കാനുള്ള ശേഷി കേന്ദ്രത്തിനുണ്ട്.
ഇവിടെ ഉൽപാദിപ്പിച്ച മുട്ടകൾ സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ അഴീക്കോട് ആസ്ഥാനമായുള്ള പുതിയ വളയോട് ഹാച്ചറിയിലേക്ക് കൈമാറിത്തുടങ്ങിയിട്ടുണ്ട്.
ഹാച്ചറിയിൽ വളർത്തി വലുതാക്കി മത്സ്യകർഷകർക്ക് കൊടുക്കും. ബ്രൂഡ് ബാങ്ക് സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനവും നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതിനായി 50 ലക്ഷം മുതൽ രണ്ടരകോടി വരെ സാമ്പത്തിക സഹായം ലഭിക്കും. പദ്ധതി വിജയകരമായി നടപ്പാക്കുന്നവർക്ക് 40 ശതമാനം സബ്സിഡിയും ലഭിക്കും.
അടുത്തത് തമിഴ്നാട്ടിലെ മണ്ഡപത്ത് ആരംഭിക്കും. എല്ലാ സമുദ്ര സംസ്ഥാനങ്ങളിലും പ്രാദേശിക ഹാച്ചറികൾ സ്ഥാപിക്കാനാണ് സി.എം.എഫ്.ആർ.ഐ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.