ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ വ്യാപാരം 12 ലക്ഷം കോടി രൂപ -മന്ത്രി വി. മുരളീധരൻ
text_fieldsകൊച്ചി: ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷം 12 ലക്ഷം കോടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ മാത്രം ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ 1,44,000 കോടിയിലെത്തി. കഴിഞ്ഞ എട്ട് വര്‍ഷമായി ഗള്‍ഫ് നിക്ഷേപം അഞ്ച് മടങ്ങ് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്തോ-ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ (ഐ.എൻ.എം.ഇ.സി.സി) കേരള ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ 88 ദിവസത്തെ ചര്‍ച്ചകളിലൂടെ ഇന്ത്യക്ക് സാധിച്ചുവെന്നത് ഇരുരാജ്യവും തമ്മിലെ ബന്ധത്തിന്റെ തെളിവാണ്. യു.എ.ഇ ആദ്യമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് ഇന്ത്യയുമായിട്ടാണ്. സ്വതന്ത്ര വ്യാപാര കരാറിലൂടെ 2030 ഓടുകൂടി യു.എ.ഇയുമായുള്ള ഉല്‍പന്നങ്ങളിന്മേലുള്ള വ്യാപാരം എട്ടുലക്ഷം കോടി രൂപയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വി. മുരളീധരന് പറഞ്ഞു.
ഇന്തോ-ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ സെന്‍ട്രല്‍ ഓഫിസ് ഉദ്ഘാടനം ഗള്‍ഫാര്‍ എൻജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി സ്ഥാപകനും പ്രമുഖ സംരംഭകനുമായ ഡോ. പി. മുഹമ്മദലി ഗള്‍ഫാര്‍ നിര്‍വഹിച്ചു. ഐ.എൻ.എം.ഇ.സി.സി ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന്മാരായ ഡോ. ജയിംസ് മാത്യു, അഹമ്മദ് കബീര്‍, സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്കുമാര്‍ മധുസൂദനന്, ഡയറക്ടര്‍മാരായ ഡേവിസ് കല്ലൂക്കാരന്, മുഹമ്മദ് റാഫി, രാജേഷ് സാഗര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടി.സി. വര്‍ഗീസ്, കെ.ഹരികുമാര്‍, ദീപക് അശ്വിനി, ശ്രീജിത് കുനീല് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.