കെ.എസ്.എഫ്.ഇ റെയ്ഡ്: പിന്നിൽ രമൺ ശ്രീവാസ്തവയാണെന്ന് സൂചന
text_fieldsകൊച്ചി: കെ.എസ്.എഫ്.ഇയിൽ നടത്തിയ റെയ്ഡിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയാണെന്ന് സൂചന. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണ് വിജിലൻസ് റെയ്ഡ് നടന്നതെന്നാണ് ആരോപണം. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഉപദേഷ്ടാവാണ് രമണ്‍ ശ്രീ വാസ്തവ.
സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസക്കും നേരത്തേ ഇത്തരത്തിൽ ഒരു സംശയം ഉന്നയിച്ചിരുന്നു. അതിനിടെ സി.പി.എം മുഖപത്രത്തിലും രമൺശ്രീ വാസ്തവയെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ട് വന്നിട്ടുണ്ട്. വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡെന്നാണ് മുഖപത്രത്തിൽ പറയുന്നത്. വിജിലൻസ് ഡയറക്ടർ അവധിയിലായിരിക്കെയാണ് റെയ്ഡിന് നിർദേശം നൽകിയതെന്നും ആരോപണമുണ്ട്.
മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്ന് ആക്ഷേപമുണ്ട്. പിന്നീട് റെയ്ഡ് നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. റെയ്ഡിന് ഓപ്പറേഷൻ ബചത് എന്ന പേര് നല്‍കിയതിലും സംശയം നിലനിൽക്കുന്നുണ്ട്. സാധാരണ മലയാളം, ഇംഗ്ലീഷ് പേരുകളാണ് വിജിലൻസ് റെയ്ഡുകൾക്ക് നൽകുന്നത്. ഓപ്പറേഷൻ ബചത് എന്ന ഹിന്ദി പേര് കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്ഡിന് നൽകിയതിലും സംശയമുയരുന്നുണ്ട്. സമ്പാദ്യം എന്നാണ് ബചത്തിന്‍റെ അർത്ഥം.
കെ.എസ്.എഫ്.ഇയിൽ വിജിലൻസ് റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷമാണ് എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിട്ടുണ്ട്. റെയ്ഡ് നടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് കൈമാറിയ കത്തിലാണ് നേരത്തെ രഹസ്യ പരിശോധന നടന്നുവെന്ന പരാമര്‍ശമുള്ളത്. നവംബർ പത്തിന് രഹസ്യ പരിശോധന നടന്നതായും കെ.എസ്.എഫ്.ഇയിൽ 5 ക്രമക്കേടുകൾ ബോധ്യപ്പെട്ടതായും കത്തിൽ പരാമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.