കണ്ണൂരിൽ ഇൻഡിഗോ വിമാനവും ഇറങ്ങി
text_fieldsമട്ടന്നൂർ: ആദ്യഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാൻ കരാർ ഒപ്പിട്ട ഇൻഡിഗോ വിമാനവും വെള്ളിയാഴ്ച പരീക്ഷണാർഥം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. സ്വകാര്യ സർവിസിനും മറ്റും ഉപയോഗിക്കുന്ന ചെറുകിട ശ്രേണിയിൽപെട്ട ഇൻഡിഗോ എ.ടി.ആർ 72 വിമാനമാണ് വെള്ളിയാഴ്ച ഉച്ചക്ക് വിമാനത്താവളത്തിൽ അനായാസകരമായി ഇറങ്ങിയത്. 78 യാത്രക്കാരെ വഹിക്കുന്ന വിമാനം കൊച്ചിയിൽനിന്ന് ഉച്ചക്ക് 1.49ന് പുറപ്പെട്ട് കണ്ണൂർ വിമാനത്താവളപരിധിയിൽ 2.23ന് എത്തിച്ചേർന്നിരുന്നു.
ഒന്നേകാൽ മണിക്കൂറോളം വിമാനത്താവളത്തിന് മുകളിൽ വിവിധ സിഗ്നൽ പരീക്ഷണപ്പറക്കൽ നിർവഹിച്ചശേഷമാണ് 3.43ന് റൺേവയിൽ ഇറങ്ങിയത്. അഗ്നിശമനവിഭാഗം ജലാഭിവാദ്യം അർപ്പിച്ച് സ്വീകരിച്ചു. ക്യാപ്റ്റൻ സതീശ്വീരയുടെ നേതൃത്വത്തിൽ മൂന്നു പൈലറ്റുമാരടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. കിയാൽ മാനേജിങ് ഡയറക്ടർ തുളസീദാസിെൻറ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. ഏതുദിശയിൽനിന്നും ലാൻഡിങ് സുഖകരമാണെന്ന് ഇൻഡിഗോ പൈലറ്റുമാർ പറഞ്ഞതായി കിയാൽ മാനേജിങ് ഡയറക്ടർ വി. തുളസീദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഐ.എൽ.എസ് പരിശോധനക്കായി ഈ മാസം ഒരു തവണകൂടി വിമാനം പദ്ധതിപ്രദേശത്തെത്തുമെന്നും ഈ മാസം 29ന് തിരുവനന്തപുരത്ത് നടക്കുന്ന വാർഷിക ജനറൽബോഡി യോഗത്തിൽ ഉദ്ഘാടനം സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈസൻസ് നൽകുന്നതിെൻറ ഭാഗമായി അവസാനവട്ട പരിശോധനക്ക് കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനമിറങ്ങിയിരുന്നു. 189 പേർക്ക് സഞ്ചരിക്കാവുന്ന യാത്രാവിമാനമാണ് വ്യാഴാഴ്ച ഇറങ്ങിയത്. അടുത്ത ആഴ്ചയോടെ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈമാസം 29ന് രാവിലെ 11ന് തിരുവനന്തപുരം ഐറിഷ് ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കിയാൽ യോഗത്തിൽ ഉദ്ഘാടനത്തിെൻറ ഔദ്യോഗിക തീയതി പ്രഖ്യാപിക്കും. പരീക്ഷണപ്പറക്കൽ ഉൾപ്പെടെ മൂർഖൻ പറമ്പിൽ ഇതിനകം 12 തവണ വിമാനമിറങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.