ഇൻഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തു; നികുതി കുടിശ്ശിക കണ്ടെത്തി
text_fieldsകോഴിക്കോട്: ഇൻഡിഗോയുടെ ബസ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശിക കണ്ടെത്തിയതിനെ തുടർന്ന് ഫറോക്ക് ജോയിന്‍റ് ആർ.ടി.ഓയുടേതാണ് നടപടി.
ഫറോക്ക് ചുങ്കത്തെ വാഹന ഷോറൂമിൽനിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഇൻഡിഗോ യാത്രക്കാർക്കും ജീവനക്കാർക്കുമായി സർവീസ് നടത്തുന്ന ബസാണിത്.
32,500 രൂപയാണ് അടക്കാനുള്ളത്. 7,500 രൂപയോളം പിഴയുമുണ്ട്. നികുതി കുടിശ്ശിക അടച്ച് മറ്റു നടപടികൾ പൂർത്തിയായാൽ ബസ് വിട്ടുനൽകുമെന്നാണ് ആർ.ടി.ഒ അറിയിച്ചത്.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് ഇൻഡിഗോ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവം.
ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ പിടിച്ചുതള്ളിയിരുന്നു. സംഭവത്തിൽ വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) നിർദേശപ്രകാരം രൂപവത്കരിച്ച ഇൻഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി വിമാനത്തിലെ മോശം പെരുമാറ്റം കണക്കിലെടുത്ത് നടപടിയെടുക്കുകയായിരുന്നു.
മൂന്നാഴ്ച ആഭ്യന്തര-അന്താരാഷ്ട്ര യാത്രയിൽനിന്നാണ് ജയരാജനെ ഇൻഡിഗോ വിലക്കിയത്. കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും വിലക്കേർപ്പെടുത്തിയിരുന്നു. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്നാണ് ഇ.പി. ജയരാജൻ യാത്രാ വിലക്കിനോട് പ്രതികരിച്ചത്. നിലവാരമില്ലാത്ത കമ്പനിയാണത്. താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല. -എന്നെല്ലാം ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.