ഫോൺ വിളികളിൽ സംശയം, ഒടുവിൽ ഇന്ദുജ ജീവനൊടുക്കി, ഭര്‍ത്താവ് അഭിജിത്തും അജാസും സഹപാഠികള്‍
text_fieldsതിരുവനന്തപുരം: പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍കാണി, ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജ(25)യെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍. ഇന്ദുജ മറ്റാരുമായോ ഫോണില്‍ സംസാരിക്കുന്നുവെന്ന സംശയത്തില്‍ അജാസ് ഇടപെട്ടതാണ് മര്‍ദനത്തിനും പിന്നീട് ഇന്ദുജയുടെ മരണത്തിനും കാരണമായതെന്നാണു പൊലീസ് വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് ഇളവട്ടം എല്‍.പി സ്‌കൂളിന് സമീപം ശാലു ഭവനില്‍ നന്ദു എന്ന അഭിജിത്ത് ദേവന്‍ (25), സുഹൃത്ത് പെരിങ്ങമ്മല പഞ്ചായത്ത് ജംക്ഷന് സമീപം എ.ടി. കോട്ടേജില്‍ ടി.എ. അജാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. ഭർത്താവ് അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് ഇരുവരുടെയും പങ്കിനെ കുറിച്ച് വ്യക്തതവന്നതെന്ന് പൊലീസ് പറയുന്നു. മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച അജാസ് അഭിജിത്തിന്റെ വീട്ടില്‍ എത്തിയപ്പോൾ മുകള്‍നിലയിലെ മുറിയില്‍ ഇരുന്ന് ഇന്ദുജ ഫോണില്‍ ആരുമായോ സംസാരിക്കുന്നതാണ് കണ്ടത്. മറ്റൊരു യുവാവുമായാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയിച്ച് അജാസ് ഇന്ദുജയുടെ ഫോണ്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് ഇക്കാര്യം അജാസ് അഭിജിത്തിനോടു പറഞ്ഞു. ഇതിനു ശേഷം അജാസ് ഇന്ദുജയെ കാറില്‍ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി. അവിടെ െവച്ച് ഇക്കാര്യം പറഞ്ഞ് അജാസ് ഇന്ദുജയെ മര്‍ദിച്ചു. രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്. ഇക്കാര്യത്തില്‍ അഭിജിത്തും ഇന്ദുജയും തമ്മില്‍ വീട്ടില്‍വച്ച് വഴക്കുണ്ടായതായും സൂചനയുണ്ട്.
ഇന്ദുജയുടെ ആത്‍മഹത്യക്ക് കാരണം ഇരുവരുടെയും മർദ്ദനവും മാനസിക പീഡനവുമെന്നും പൊലീസ് പറയുന്നു. ഭർത്താവ് അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടികജാതി പീഡനം, മർദനം,ആത്‍മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോൾ അജാസിന്റേതാണ്. തൊട്ടു പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്.
കസ്റ്റഡിയില്‍ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയതെന്ന് പറയുന്നു. ഇതിനിടെ, ഇന്ദുജയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
മകളെ അഭിജിത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നതാണെന്ന് പിതാവ് ആരോപിച്ചു. ഇന്ദുജയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ബന്ധുക്കളുടെ പ്രതികരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകളാണുള്ളതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. നാല് മാസം മുമ്പാണ് ഇന്ദുജയെ അഭിജിത് വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയതെന്നും അടുത്തിടെ മകൾ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. മകളെ പഠിപ്പിച്ച് നല്ല രീതിയിലാണ് വളര്‍ത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. അഭിജിത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടില്‍ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. അവള്‍ക്കു വീട്ടില്‍ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേര്‍ന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് പറഞ്ഞു.
അഭിജിത്തിന്റെ വീട്ടിലേക്ക് പോയിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വീട്ടിലേക്കു വിളിച്ചു പറയുമായിരുന്നുവെന്ന് സഹോദരൻ ഷിനു പറഞ്ഞു. കുടുംബത്തിന് പലകാര്യങ്ങളിലും സംശയമുണ്ട്. ഇതിലും വലിയ പ്രശ്‌നങ്ങള്‍ ചേച്ചി മറികടന്നിട്ടുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ അങ്ങോട്ടു ചെല്ലുന്നതും ചേച്ചി ഇങ്ങോട്ടു വരുന്നതും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഷിനു പറയുന്നു.
പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ചയാണ് ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ വീട്ടിലെ ബെഡ്റൂമിലെ ജനലിൽ ഇന്ദുജയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത് ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സമയം വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ നാല് മാസം മുമ്പാണ് അഭിജിത്തിന്‍റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലി ചാർത്തുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ കാണാൻ അഭിജിത്തിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചിരുന്നെന്നും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.