നവോത്ഥാന കേരളത്തിന്റെ ഇരുളടഞ്ഞ ലോകത്തേക്ക് കാമറ തിരിച്ച് ഇന്ദുലക്ഷ്മിയുടെ അപ്പുറം
text_fieldsകോഴിക്കോട് : നവോത്ഥാന കേരളത്തിന്റെ ഇരുളടഞ്ഞ ലോകത്തേക്ക് കാമറ തിരിച്ച് ഇന്ദുലക്ഷ്മിയുടെ അപ്പുറം.അസാധാരണ അനുഭവമാണ് മേളയിൽ അപ്പുറം പങ്കുവെച്ചത്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് അപ്പുറം പ്രദർശിപ്പിച്ചത്. 'അമ്മയെ ഒറ്റക്കിരുത്താൻ പേടിയാണ്. എപ്പോഴാ അടുത്ത അറംപ്റ്റ് എന്നറിയില്ലെന്ന്'കൗമാരക്കാരിയായ ജാനകി അമ്മയെക്കുറിച്ച് ഡോക്ടറോട് പറയുന്ന വാക്കുകളാണിത്. അമ്മയുടെ കാവലാളാണ് മകൾ ജാനകി.
ജാനകി എന്ന കഥാപാത്രത്തിന്റെ കാഴ്ചകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഏത് നിമിഷവും സ്വന്തം അമ്മയെ നഷ്ടപ്പെടാമെന്ന വേവലാതിയാണ് ഈ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ഒരേട്. പ്രത്യേക മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന അമ്മ, തന്നെയും അമ്മയെയും ജീവനുതുല്യം സ്‌നേഹിക്കുന്ന അച്ഛന്‍. ഇരുവര്‍ക്കും ഇടയില്‍ ഭയത്തിന്റെയും ആശങ്കയുടെയും ലോകത്തിലാണ് അവർ ജീവിതം തള്ളി നീക്കുന്നത്.
ചെറുപ്പം മുതൽ എഴുത്തിൽ അഭിരുചിയുണ്ടായിരുന്ന തനിക്കു സിനിമ എന്ന മാധ്യമത്തിലൂടെ സർഗാത്മകതയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സാധിച്ചുവെന്നാണ് സംവിധായിക ഇന്ദു ലക്ഷ്‍മിയുടെ അഭിപ്രായം. അതിനുള്ള ഊർജം തന്നതു സിനിമ മേഖലയാണ്. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമാമേഖലയിലേക്ക് കടന്നു വന്ന തനിക്ക് സിനിമയിലൂടെ കഥപറയാൻ എന്നും ആവേശമുണ്ടായിരുന്നു.
പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നും വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് അപ്പുറം എന്ന സിനിമ ചിത്രീകരിച്ചത്. സമകാലിക സാമൂഹിക സാഹചര്യത്തിൽ ഒരു പെൺകുട്ടി നേരിടാൻ സാധ്യതയുള്ള വിഷയങ്ങളെ പറ്റിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ജാനകിയുടെ അമ്മ ചിത്രയായി മിനി ഐ.ജി വേഷമിട്ടിരിക്കുന്നു. അച്ഛന്‍ വേണുവായി എത്തുന്നത് ജഗദീഷ് ആണ്. സമൂഹത്തിലെ ചില അലിഖിത താല്പര്യങ്ങള്‍ ജാനകിയെ ഭയത്തിന്റെയും വേദനയുടെയും ഉള്ളറകളിലേക്ക് ചവിട്ടിതാഴ്ത്തുകയാണ്. ആ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള ജാനകിയുടെ അതിജീവനമാണ് ചിത്രത്തിന്റെ കാതല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.