ഐ.ടി മേഖലയിൽ വൻ ഇളവുകളുമായി കരട് വ്യവസായ നയം
text_fieldsതിരുവനന്തപുരം: ഐ.ടി മേഖലയിൽ സംരംഭങ്ങളെയും വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ഇളവുകൾ വ്യവസ്ഥ ചെയ്തുള്ള കരട് വ്യവസായ നയവുമായി സർക്കാർ. 50 കോടി വരെ രൂപ മുതൽമുടക്കുള്ള വ്യവസായങ്ങൾക്കാണ് ഇളവുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐ.ടി, ഇലക്ട്രോണിക്സ് മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവരിൽ അപ്രന്‍റിസ് കാലയളവിൽ നൽകുന്ന പ്രതിഫലത്തിന്‍റെ ഒരു വിഹിതം സർക്കാർ വഹിക്കും. കിൻഫ്ര, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സർക്കാർ എസ്റ്റേറ്റുകളിൽ സംരംഭം തുടങ്ങലിന് രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ സൗജന്യമാക്കും. സ്വകാര്യ പാർക്കുകളിലും ഈ ഇളവ് അനുവദിക്കും. വൻകിട വ്യവസായങ്ങളിൽ യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അടക്കേണ്ട സംസ്ഥാന നികുതിയിലാണ് മറ്റൊരു ഇളവ്. ഈ നികുതി സർക്കാർ മടക്കി നൽകും. വ്യവസായ നയം വൈകാതെ മന്ത്രിസഭയുടെ പരിഗണനക്ക് വരുമെന്നാണ് വിവരം.
2026ഓടെ മൂന്നു ലക്ഷം എം.എസ്.എം.ഇ സംരംഭങ്ങളും ആറു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനുതകുന്ന വ്യവസ്ഥകളാണ് കരട് വ്യവസായ നയത്തിലുള്ളത്. ചെറുകിട വ്യവസായങ്ങൾക്കു വേണ്ടിയുള്ള വികസന മേഖലകളും എസ്റ്റേറ്റുകളും സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പശ്ചാത്തലം മെച്ചപ്പെടുത്തുകയും ചെയ്യാനാണ് ആലോചന. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും സംരംഭകത്വ വികസന പരിപാടികൾ വിപുലീകരിക്കുകയും ചെയ്യും. ഇതോടൊപ്പം വായ്പാ നടപടിക്രമങ്ങൾ ഉദാരമാക്കുകയും എം.എസ്.എം.ഇ മേഖലയുടെ പ്രശ്നങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും.
2022-'23 സംരംഭക വർഷമായി സർക്കാർ ആചരിക്കുകയാണ്. ഒരു ലക്ഷം സംരംഭങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിൽ ഇതിനകം 58,306 സംരംഭങ്ങളും 1,28,919 തൊഴിലവസരങ്ങളും 3536 കോടിയുടെ നിക്ഷേപവും സാധ്യമായിട്ടുണ്ടെന്നാണ് സർക്കാറിന്റെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.