ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി; ഭൂമി ഏറ്റെടുത്തത് റെക്കോഡ് വേഗത്തിൽ
text_fieldsപാലക്കാട്: ‘ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി’ പദ്ധതിക്കായി സംസ്ഥാന സർക്കാറിനുവേണ്ടി നടത്തിപ്പ് ഏജൻസിയായ കിൻഫ്ര പാലക്കാട്ട് 1460 ഏക്കർ ഭൂമി ഏറ്റെടുത്തത് 14 മാസംകൊണ്ട്. കേരളത്തിൽ ഭൂമിയേറ്റെടുക്കൽ അത്ര എളുപ്പമല്ലെന്ന ചീത്തപ്പേര് മാറ്റിയെഴുതിയാണ് 3815 കോടി രൂപയുടെ പദ്ധതിക്കായുള്ള തീവ്രയജ്ഞത്തിൽ കിൻഫ്രയോടൊപ്പം പാലക്കാട് ജില്ല ഭരണകൂടവും ചരിത്രമെഴുതിയത്. കേന്ദ്ര അനുമതികൂടി ലഭിച്ചതോടെ ഡി.പി.ആറും മാസ്റ്റർ പ്ലാനും തയാറാക്കി വികസനത്തിന്റെ വ്യവസായ ഇടനാഴിക്കായി കാത്തിരിക്കുകയാണ് സംസ്ഥാനം.
പാലക്കാട് ജില്ലയിലെ പുതുശ്ശേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലായാണ് 1710 ഏക്കർ ഭൂമി കണ്ടെത്തിയത്. ഇതിൽ 1789 കോടി രൂപ ചെലവിട്ട് ഇതുവരെ 1460 ഏക്കർ ഏറ്റെടുത്തു. കേന്ദ്ര സർക്കാറിന്റെ നടത്തിപ്പ് ചുമതലയിൽ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ കോർപറേഷനും സംസ്ഥാന സർക്കാറിന്റെ കിൻഫ്രയും ചേർന്നാണ് 2020ൽ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷൻ എന്ന സ്പെഷൽ പർപസ് വെഹിക്ക്ൾ (എസ്.പി.വി) രൂപവത്കരിച്ചത്. സംസ്ഥാന സർക്കാറിന്റെയും കേന്ദ്രസർക്കാറിന്റെയും മൂന്നുപേർ വീതമുള്ള എസ്.പി.വിയിൽ കേരളത്തിൽനിന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കിൻഫ്ര ചെയർമാൻ, ഫിനാൻസ് സെക്രട്ടറി എന്നിവർ അംഗങ്ങളായിരുന്നു.
ഭൂമിക്കായി സംസ്ഥാനം ചെലവാക്കുന്ന തുക അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ വകയിരുത്തുമെന്നതായിരുന്നു ധാരണ. അതായത്, 1789 കോടി രൂപ സ്ഥലമെടുപ്പിന് ചെലവിട്ട അതേ തുക കേന്ദ്രം അനുവദിക്കും. ടെൻഡർ വിളിച്ച് നടപടിക്രമം പാലിക്കാൻ മൂന്നു മുതൽ അഞ്ചു വർഷം വരെ എടുത്തേക്കാം. ഇതനുസരിച്ച് 3815 കോടി രൂപയുടെ പദ്ധതിക്കാണ് 2022 ഡിസംബർ 14ന് നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെ (എൻ.ഐ.സി.ഡി.ഐ.ടി) അംഗീകാരമായത്. കിൻഫ്ര എം.ഡിയാണ് ഡൽഹിയിലെത്തി പദ്ധതി അവതരിപ്പിച്ചത്.
തുടർനടപടിക്കായി അന്ന് കാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ അംഗീകാരത്തിനയച്ച പദ്ധതിക്കാണ് 18 മാസത്തിനുശേഷം അംഗീകാരം ലഭിച്ചതായി പ്രഖ്യാപനമെത്തിയത്. ഇതിനിടെ 2023ൽ പദ്ധതിക്ക് കേന്ദ്ര വനം മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭിച്ചു. പദ്ധതി യാഥാർഥ്യമാകുന്നത് വൈകിയതോടെ നാലു തവണ വ്യവസായമന്ത്രി പി. രാജീവ്, കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നേരിൽ കണ്ട് കത്ത് കൊടുത്തിരുന്നു. മുഖ്യമന്ത്രി ഡൽഹിയിലെത്തി രണ്ടു തവണ പ്രധാനമന്ത്രിക്കും പദ്ധതി സംബന്ധിച്ച് കത്ത് നൽകുകയും ചെയ്തു.
55,000 പേർക്ക് നേരിട്ട് തൊഴിലവസരം -കിൻഫ്ര ചെയർമാൻ
പദ്ധതി യാഥാർഥ്യമായാൽ 55,000 പേർക്ക് നേരിട്ടും ഒരു ലക്ഷത്തോളം പേർക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കുമെന്ന് കിൻഫ്ര ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. 10,000 കോടിയിലേറെ നിക്ഷേപം ഉണ്ടാകും. ഭാവിയിൽ ഇൻഡസ്ട്രിയൽ ടൗൺഷിപ്പായി മാറും. പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റെ മുഖച്ഛായ മാറുന്ന പദ്ധതിയാണ് യാഥാർഥ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.