സമുദ്രോൽപന്ന കയറ്റുമതി പ്രതാപം വീണ്ടെടുക്കാൻ സർക്കാർ ഇടപെടൽ തേടി വ്യവസായികൾ
text_fieldsഅരൂർ: സമുദ്രോൽപന്ന കയറ്റുമതി വ്യവസായം കേരളത്തിന് നഷ്ടമാകാതിരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തം. പലവിധ പ്രതിസന്ധികളിലായിരുന്ന വ്യവസായം മഹാമാരിയുടെ കാലത്ത് കൂടുതൽ സങ്കീർണമായ ദുരിതങ്ങളിലാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന ഈ വ്യവസായം കേരളത്തിന് നഷ്ടമാകുമെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ദക്ഷിേണന്ത്യ റീജ്യൻ പ്രസിഡൻറ് അലക്സ് നൈനാൻ മുന്നറിയിപ്പ് നൽകി. ഈ രംഗത്ത് ഏറ്റവുമധികം കയറ്റുമതി കേരളത്തിൽനിന്നായിരുന്നു.
ഒന്നരപ്പതിറ്റാണ്ട് മുമ്പുവരെ കേരളം കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തായിരുന്നു. 1950ൽ ആദ്യത്തെ കയറ്റുമതിയും കൊച്ചിയിൽനിന്നായിരുന്നു. ചരിത്രപരമായി സമുദ്രോൽപന്ന കയറ്റുമതിക്ക് കൊച്ചിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് കൊച്ചിയിലെ മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി, കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് തുടങ്ങിയ സ്ഥാപനങ്ങൾ.
ഇപ്പോൾ സമുദ്രോൽപന്ന കയറ്റുമതിയിൽ ഒന്നാംസ്ഥാനം ആന്ധ്രക്കാണ്. കേരളം അഞ്ചാം സ്ഥാനത്താണ്. ചെമ്മീനും മറ്റ് മത്സ്യങ്ങളും അധികം ലഭിക്കുന്ന ആന്ധ്രയിലേക്ക് കയറ്റുമതി സ്ഥാപനങ്ങൾ പറിച്ചുനട്ടുകൊണ്ടിരിക്കുകയാണ്. പരമാവധി സ്ഥലങ്ങളിൽ മത്സ്യകൃഷി എന്ന നയമാണ് ആന്ധ്രെയ ഒന്നാംസ്ഥാനത്ത് എത്തിച്ചത്.
കേരളം കയറ്റുമതിക്ക് ആശ്രയിക്കുന്നത് കടൽ ഉൽപന്നങ്ങളെ മാത്രമാണ്. മത്സ്യകൃഷിക്ക് യോജിച്ച 65,000 ഹെക്ടർ തണ്ണീർത്തടം കേരളത്തിൽ ഉണ്ടെന്നാണ് വ്യവസായികൾ പറയുന്നത്. നെൽകൃഷി നടത്താതെ നെൽവയലുകൾ തരിശിടുന്നതിനെക്കാൾ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് പാടങ്ങൾ നികത്തുന്നതുമൂലം ഉണ്ടാകുന്നത്. 10 വർഷത്തിലേറെയായി കൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങളിൽ മത്സ്യകൃഷി നടത്താൻ അനുവദിക്കുന്ന നിയമം വേണമെന്നാണ് വ്യവസായികളുടെ അഭിപ്രായം. സർക്കാർ സബ്സിഡിയോടെ ഇന്ധനം മത്സ്യത്തൊഴിലാളികൾക്ക് നൽകണം. ചെമ്മീൻകിള്ള് തൊഴിലാളികളെ സഹായിക്കാൻ കോവിഡ് കാലത്ത് പ്രത്യേക പാക്കേജ് ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
അസാധാരണ പ്രതിസന്ധിയിൽ കയറ്റുമതി വ്യവസായങ്ങളുടെ കടബാധ്യതകൾ സംബന്ധിച്ച് ധനകാര്യസ്ഥാപനങ്ങളുടെ സമീപനം മാറ്റണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടു. ബാങ്കുകളുടെ ഉന്നതാധികാരികളുമായി ഇക്കാര്യം സംസാരിക്കാൻ സംസ്ഥാന സർക്കാർ വേദി ഒരുക്കണമെന്നും എക്സ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.